ഷിജിൻപിങ് ഇന്ത്യയിലേക്ക്; അഭിപ്രായ വ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുമെന്ന് ചൈന
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും മാർഗ്ഗനിർദ്ദേശപ്രകാരം ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുമെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയാണ് സു ഫെയ്ഹോങ് നൽകിയത്.
പരസ്പര സഹകരണവും അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യലും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ബീജിംഗ് ന്യൂഡൽഹിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അംബാസഡറുടെ പരാമർശം. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഷി, പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ക്രീകരിച്ചുവരികയാണെന്നും ചൈനീസ് അംബാസഡർ സ്ഥിരീകരിച്ചു.
"പ്രസിഡന്റ് ഷിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയും ഇന്ത്യയും ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. കസാനിലെയും ടിയാൻജിനിലെയും കൂടിക്കാഴ്ചകൾക്ക് ശേഷം ഇരു നേതാക്കളും തുടർച്ചയായ മൂന്നാം വർഷമാണ് പരസ്പരം കാണുന്നത്," അംബാസഡർ പറഞ്ഞു.
"ഇരുനേതാക്കളുടെയും തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും, ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ ഉയരത്തിൽ നിന്നും ദീർഘകാല വീക്ഷണത്തിൽ നിന്നും കൈകാര്യം ചെയ്യാനും, ആശയവിനിമയം ശക്തമാക്കാനും, സഹകരണം വർദ്ധിപ്പിക്കാനും, അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും, നല്ല അയൽപക്ക ബന്ധം ആസ്വദിക്കുന്ന സുഹൃത്തുക്കളും പരസ്പരം വിജയിക്കാൻ സഹായിക്കുന്ന പങ്കാളികളാകാനും ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് ഷി ഇന്ത്യ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.