ചീഫ് ജസ്റ്റിസ് യു.യു. ലളിത്

ജസ്റ്റിസ് രമണ മാറ്റിവെച്ച കേസുകൾ ആദ്യദിനം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേൾക്കാതെ മാറ്റിവെച്ച, ബി.ജെ.പി സർക്കാറുകൾ എതിർ കക്ഷികളായ പ്രമാദമായ രണ്ട് കേസുകൾ ചീഫ് ജസ്റ്റിസായുള്ള ആദ്യ പ്രവൃത്തി ദിവസം തന്നെ ജസ്റ്റിസ് യു.യു. ലളിത് പരിഗണനക്കെടുക്കുന്നു. കർണാടക സർക്കാർ എതിർകക്ഷിയായ ഹിജാബ് കേസ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങുന്ന ബെഞ്ചും ഉത്തർപ്രദേശ് സർക്കാർ എതിർ കക്ഷിയായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തന്റെ സ്വന്തം ബെഞ്ചും തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ചീഫ് ജസ്റ്റിസ് ലളിത് ഉൾപ്പെടുത്തിയത്.

ഭീമ കൊറേഗാവ് കേസിൽ പ്രതിയായ ഗൗതം നവ്‍ലാഖ ദേശീയ അന്വേഷണ ഏജൻസിയെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹരജിയും തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ് ഈ ബെഞ്ചിൽ കൂടെയുണ്ടാവുക. ഇത് കൂടാതെ കോവിഡിനു ശേഷം ദിനേന 30ഓളം കേസുകൾ കേട്ടുകൊണ്ടിരുന്നത് ഇരട്ടിയാക്കി കേസ് പട്ടിക 60ഓളമാക്കി ഉയർത്തുകയും ചെയ്തു.

നിരവധി തവണ അഭിഭാഷകർ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് രമണ അഞ്ചുമാസമായി കേസ് പട്ടികയിൽ ഉൾപ്പെടുത്താതെ മാറ്റിവെച്ചതാണ് ഹിജാബ് കേസ്. അഞ്ച് മാസം മുമ്പ് കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടിയന്തര വിഷയമല്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഹിജാബ് വിലക്കിന് ശേഷം ആയിരക്കണക്കിന് മുസ്‍ലിം വിദ്യാർഥിനികളുടെ തുടർ പഠനം പ്രതിസന്ധിയിലായിട്ടും വിഷയം പരിഗണിക്കാൻ തയാറായിരുന്നില്ല. അഭിഭാഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹിജാബ് കേസ് പരിഗണിക്കാത്തതിനെ കുറിച്ച് ഈ മാസം രണ്ടിന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടിയപ്പോൾ ഹിജാബ് കേസ് കേൾക്കുന്ന ജഡ്ജിക്ക് സുഖമില്ല എന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി.

ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തന്റെ അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ ഉത്തരവിറക്കിയിരുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന്റെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച പരിഗണിക്കാനാണ് ഉത്തരവിറക്കിയത്. എന്നാൽ വെള്ളിയാഴ്ച സുപ്രീംകോടതിയുടെ ഒരു ബെഞ്ചിലും കാപ്പന്റെ ജാമ്യാപേക്ഷ മുൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയില്ല.

Tags:    
News Summary - Chief Justice U.U.Lalit to hear the cases adjourned by Justice Ramana on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.