പുതിയ സി.ബി.സി.ഐ ഭാരവാഹികളായ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യൂ കോയിക്കൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ.

പ്രധാനമന്ത്രിക്ക് കത്തോലിക്കാ നേതാക്കളുടെ അഭിനന്ദനം

ന്യൂഡൽഹി: മൂന്നാമൂഴവും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയെ പുതിയ സി.ബി.സി.ഐ ഭാരവാഹികൾ അടങ്ങുന്ന കത്തോലിക്കാ പ്രതിനിധി സംഘം അഭിനന്ദനമറിയിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും കൂട്ടിയാണ് സി.ബി.സി.ഐ പ്രസിഡന്റും തൃ​ശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യൂ കോയിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം, ദലിത് ക്രിസ്ത്യാനികൾക്കുള്ള പട്ടികജാതി സംവരണ നിഷേധം, ഗോത്രവർഗക്കാരായ ക്രിസ്ത്യാനികൾക്ക് പട്ടികവർഗ സംവരണം ഒഴിവാക്കാനുള്ള നീക്കം, മണിപ്പൂരിൽ തുടരുന്ന കലാപം എന്നിവ സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പ്രതികരിച്ചതായി ആ​ൻഡ്രൂസ് താഴത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഫ്രൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന സമുദായത്തിന്റെ ആഗ്രഹം നിറവേറ്റാൻ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാക​ണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വത്തിക്കാനിൽനിന്നുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി പ്രതികരിച്ചുവെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.