കരൂർ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കുമുണ്ടായുള്ള ദുരന്തത്തിൽ കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടി.വി.കെയുടെ കരൂര്‍ വെസ്റ്റ് ജില്ല പ്രസിഡന്റ് വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. നാല് വകുപ്പുകള്‍ ചുമത്തിയാണ് വിജയ്യുടെ പാർട്ടിക്കെതിരെ കേസെടുത്തത്. വിജയ്ക്കെതിരെയും ഉടൻ കേസെടുത്തേക്കുമെന്നാണ് വിവരം. എന്നാൽ അറസ്റ്റ് പെട്ടെന്ന് ഉണ്ടാകില്ല. റിട്ട. ജസ്റ്റിസ് അരുണ ജഗദീന്റെ നേതൃത്വത്തിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം (109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി(125 ബി) അധികൃതര്‍ നല്കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ടി.വി.കെയുടെ കരൂര്‍ വെസ്റ്റ് ജില്ല പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്.
കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന വമ്പൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30നാണ് ദുരന്തമുണ്ടായത്. ഉച്ചക്ക് 12 മണിക്ക് തീരുമാനിച്ച പരിപാടിയിൽ ആറ് മണിക്കൂർ വൈകിയാണ് താരം എത്തിയത്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിന് മുകളിൽ കയറി വിജയ് സംസാരിക്കുമ്പോഴാണ് സംഭവം. ചൂടും തിരക്കും കാരണം പലരും കുഴഞ്ഞ് വീഴുകയായിരുന്നു. തിക്കിലും തിരക്കിലും എട്ട് കുട്ടികളും 16 സ്ത്രീകളുമടക്കം 39 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 52 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
വിവരമറിഞ്ഞതോടെ ഉടൻ സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ട് മന്ത്രിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്നലെ രാത്രി തന്നെ കരൂരിലേക്ക് തിരിച്ച സ്റ്റാലിൻ ഇന്ന് പുലർച്ചെ സ്ഥലത്തെത്തി. തിരുച്ചിയിൽനിന്നും സേലത്തുനിന്നും കൂടുതൽ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ട്.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ് ഈ മാസം സംസ്ഥാന പര്യടനം തുടങ്ങിയത്. രണ്ടാംഘട്ട പര്യടനം ശനിയാഴ്ച നാമക്കലിൽനിന്നാണ് തുടങ്ങിയത്. വൻ ജനക്കൂട്ടം എത്തുന്നതിനാൽ പൊലീസ് കർശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നൽകിയിരുന്നത്. സമയക്രമം പാലിക്കണമെന്നും പൊതുസ്വത്തുക്കൾ നശിപ്പിക്കരുതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും നിർദേശം നൽകിയിരുന്നു. തിരുച്ചിയിൽ കഴിഞ്ഞ ആഴ്ച നടന്ന റാലിക്കിടെ പൊതുസ്വത്തുക്കൾ നശിപ്പിച്ചതിനെതുടർന്ന് മദ്രാസ് ഹൈകോടതി ശക്തമായി ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.