ചണ്ഡിഗഢ് നഗരസഭ ബി.ജെ.പി തൂത്തുവാരി


ചണ്ഡിഗഢ്: ചണ്ഡിഗഢ് നഗരസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരി. അസാധു നോട്ട് പ്രധാന ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിരോമണി അകാലിദള്‍(എസ്.എ.ഡി) സഖ്യം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു.

ആകെ 26 സീറ്റില്‍ 20ഉം ബി.ജെ.പിക്കാണ്. എസ്.എ.ഡി ഒന്നും കോണ്‍ഗ്രസ് നാലും സീറ്റുവീതം നേടി. ഒരു സീറ്റ് സ്വതന്ത്രനാണ്. ചണ്ഡിഗഢ് നഗരസഭയില്‍ 1996നു ശേഷം ഒരു രാഷ്ട്രീയകക്ഷി ഒറ്റക്ക് നേടുന്ന ഏറ്റവും വലിയ വിജയമാണ് ബി.ജെ.പിയുടേത്. ആസന്നമായ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപ്രാധാന്യമുണ്ട്.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ബി.ജെ.പി മേയര്‍ അരുണ്‍ സൂദ്, മുന്‍ എം.പി ഹര്‍മോഹന്‍ ധവാന്‍െറ ഭാര്യ സുനിത ധവാന്‍ (ബി.ജെ.പി), ദേവീന്ദര്‍ സിങ് ബബ്ല, ഗുര്‍ബക്ഷ് റാവത്ത് (ഇരുവരും കോണ്‍ഗ്രസ്) എന്നിവരാണ് ജയിച്ച പ്രമുഖര്‍. മുന്‍ മേയര്‍ കോണ്‍ഗ്രസിലെ സുഭാഷ് ചാവ്ല, ഛത്തിസ്ഗഢ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രദീപ് ചബ്രയുടെ ഭാര്യ റിതു ചബ്ര എന്നിവരാണ് തോറ്റ പ്രമുഖര്‍. നോട്ട് നിരോധിച്ചശേഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിച്ചതായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുഫലവും ബി.ജെ.പിക്കുള്ള ജനകീയ പിന്തുണയാണ് തെളിയിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് തെരഞ്ഞെടുപ്പുഫലമെന്ന്  ബി.ജെ.പി എം.പി കിരണ്‍ ഖേര്‍ പറഞ്ഞു.

Tags:    
News Summary - BJP sweeps Chandigarh MC polls, wins 20 seats out of 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.