ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടിയായി മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അടുത്ത ബന്ധു ബി.ജെ.പിയിൽ. ഭഗവന്തിന്റെ അടുത്ത ബന്ധുവായ ഗ്യാൻ സിങ് മാനും മറ്റ് മൂന്ന് നേതാക്കളുമാണ് ബി.ജെ.പിയിൽ ചേർന്നത്.
ഗ്യാൻ സിങ്ങിനൊപ്പം ബർണാലയിൽ നിന്നുള്ള വ്യവസായിയും പ്രവാസിയുമായ ബൽജീന്ദർ സിങ് ബർണാല, ജലാലാബാദ് എം.എൽ.എ ഗോൾഡി കാംബോജിന്റെ മുൻ പി.എ മഞ്ജീന്ദർ സിങ് സജൻ ഖേര, ആപ് നേതാവ് അർണിവാല ജോൽ എന്നിവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഭഗവന്ത് മാനിന്റെ പിതൃസഹോദരന്റെ മകനാണ് ഗ്യാൻ സിങ്.
ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെയും പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാഖറിന്റെയും സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശനം. മാറ്റത്തിനായുള്ള പ്രതീക്ഷയോടെയാണ് അവർ ആദ്യം ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ ആ സ്വപ്നങ്ങൾ തകർന്നതോടെയാണ് ബി.ജെ.പി കുടുംബത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതായും സുനിൽ ജാഖർ പറഞ്ഞു. അമൃത്സർ, ബട്ടാല, തരൺ തരൺ, ലുധിയാന എന്നിവിടങ്ങളിൽ ബി.ജെ.പി ഓഫിസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ബി.ജെ.പി അധ്യക്ഷൻ അപലപിക്കുകയും ചെയ്തു.
അടുത്തിടെ പഞ്ചാബിൽനിന്നുള്ള ആപിന്റെ ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. രാഘവ് ചദ്ദയുടെ നേതൃത്വത്തിലായിരുന്നു മുതിർന്ന നേതാക്കളുടെ ബി.ജെ.പി പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.