ഉറുദു പഠിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പലിന് ബി.ജെ.പി നേതാവിന്‍റെ മർദനം; കേസെടുത്ത് പൊലീസും

ഹൈദരാബാദ്: സ്വകാര്യ സ്കൂളിൽ ഉറുദു പഠിപ്പിച്ചതിന്‍റെ പേരിൽ പ്രിൻസിപ്പലിനെ ബി.ജെ.പി നേതാവിന്‍റെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘം മർദിച്ചതായി പരാതി. സംസ്ഥാനത്ത് രണ്ടാം ഭാഷയായി ഉറുദു ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നിരിക്കെയാണ് പ്രിൻസിപ്പലിന് മർദ്ദനമേറ്റത്. സംഭവത്തിലെ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസും എടുത്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. പ്രതികൾക്കൊപ്പം പ്രിൻസിപ്പലിനുമെതിരെ പൊലീസ് കേസെടുത്തതോടെ സംഭവം വിവാദത്തിന് തിരികൊളുത്തി.

ജൂൺ 27 ന് അർമൂറിലെ ഭാരത് ചന്ദ്ര ഹൈസ്കൂളിലാണ് സംഭവം. 25 ഓളം വിദ്യാർഥികളുള്ള ക്ലാസിൽ ഉറുദു പഠിപ്പിക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് 15 ഓളം വരുന്ന സംഘം സ്കൂളിൽ അതിക്രമിച്ച് കയറി പ്രിൻസിപ്പൽ ആമിർ ഖാനെ കൈയേറ്റം ചെയ്യുകയായിരുന്നു. താൻ ഇംഗ്ലീഷ് അധ്യാപകനാണെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മറ്റൊരു അധ്യാപകനാണ് ഉറുദു ക്ലാസുകൾ നടത്തിയിരുന്നതെന്നും ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

25 ശതമാനം വിദ്യാർഥികളും മുസ് ലിംകളായതിനാൽ, രക്ഷിതാക്കളുടെ അഭ്യർഥനയെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഉറുദു പഠിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില ഹിന്ദു രക്ഷിതാക്കൾ ഇതിനെ എതിർത്തു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ഉറുദു ക്ലാസ് നിർത്തിവച്ചു. എന്നാൽ മത പ്രബോധനം നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റ് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ, ബി.ജെ.പി ആർമൂർ ടൗൺ പ്രസിഡന്റ് എം. ബാലുവിനെതിരെ അതിക്രമിച്ചു കയറയൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ‍ഇതിനു പിന്നാലെ സാമുദായിക ശത്രുത വളർത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഖാന് എതിരെയും കേസെടുത്തു. തുടർന്ന് തന്നെ പത്ത് മണിക്കൂർ വരെ ആർമൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചതായി ഖാൻ ആരോപിച്ചു.

ഖാനെ കൈയേറ്റം ചെയ്തതായി ബി.ജെ.പി ആർമൂർ ടൗൺ പ്രസിഡന്റ് എം. ബാലു സമ്മതിച്ചു. ഖാൻ വിദ്യാർഥികളെ ഇസ് ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നാണ് ബാലുവിന്‍റെ ആരോപണം. രണ്ട് പരാതികളും അന്വേഷിക്കുകയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആർമൂർ പോലീസ് പറഞ്ഞു. സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി. തെലങ്കാന കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ഒരു "ആർ‌എസ്‌എസ് പരീക്ഷണശാല" ആയി നിരന്തരം മാറുകയാണെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് (എം.ബി.ടി) വക്താവ് അംജദുല്ല ഖാൻ ആരോപിച്ചു. രേവന്ത് റെഡ്ഡി സർക്കാർ "മൃദു ഹിന്ദുത്വ" രാഷ്ട്രീയം പിന്തുടരുന്നുവെന്ന് ഖാൻ ആരോപിച്ചു.

ആക്രമണത്തെ അപലപിച്ച എ.ഐ.എം.ഐ.എം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി, സംഭവത്തെക്കുറിച്ച് പോലീസ് കമ്മീഷണറുമായി സംസാരിച്ചതായി പറഞ്ഞു. അതേസമയം, സംഭവത്തിന്റെ വീഡിയോ പങ്കിട്ട നിരവധി മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് നോട്ടീസ് ലഭിച്ചതായി ആരോപിച്ചു.

Tags:    
News Summary - Telangana School Principal Attacked Over Urdu Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.