‘ആകാശം ഇടിഞ്ഞുവീഴില്ല’; രാമക്ഷേത്ര കൊള്ളയിൽ അടിയന്തര വാദം കേൾക്കൽ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കാണിക്കയും സംഭാവനകളുമായി ലഭിച്ച കോടികൾ വിലമതിക്കുന്ന വസ്തുക്കൾ കൊള്ളയടിച്ച സംഭവത്തിൽ അടിയന്തര ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയം അടിയന്തരമായി കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ചോദ്യംചെയ്ത കോടതി, ‘ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല, എന്താണിത്ര ബഹളം?’ എന്നും പരാമർശം നടത്തി.

അ​യോധ്യ രാമക്ഷേത്ര ക്ഷേത്ര ഫണ്ട് വൻതോതിൽ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താൻ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഇതിന്റെ അടിയന്തര സാഹചര്യം എന്താണെന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. ക്ഷേത്ര കൊള്ള പുറത്തുവന്ന ശേഷം​ സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്ന രീതി സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് ഹരജിക്കാർ കോടതിക്ക് മറുപടി നൽകി.

ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അടിയന്തര ഹർജി തള്ളിയത്. അതേസമയം, കോടതിയുടെ വേനലവധിക്ക് ശേഷം കേസ് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുമെന്ന് ബെഞ്ച് അറിയിച്ചിട്ടുണ്ട്.

രാമക്ഷേത്ര കൊള്ള വൻ വിവാദമായതിനെ തുടർന്ന് ബി.ജെ.പി പ്രതിരോധത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

സംഭവത്തിൽ ​പ്രത്യേക അന്വേഷണ സംഘം അയോധ്യയിൽ അന്വേഷണം തുടരുകയാണ്. അയോധ്യയിൽ നിന്ന് ഇതിനകം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ചോദ്യംചെയ്തു വരികയാണ്.

ക്ഷേത്ര ഭാരവാഹികളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെ രണ്ട് ട്രസ്റ്റ് അംഗങ്ങൾ രാജിവെക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - SC refuses urgent hearing of Ram temple donation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.