ബംഗാളിൽ കന്നുകാലി കശാപ്പിന് നിയന്ത്രണവുമായി ബി.ജെ.പി സർക്കാർ; ലംഘിച്ചാൽ ആറുമാസം തടവും പിഴയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ബി.ജെ.പി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പശു, കാള, പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആറുമാസം തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

പുതിയ നിയമപ്രകാരം പശുക്കൾ, കാളകൾ, പോത്തുകൾ, എരുമകൾ എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ അംഗീകൃത വെറ്ററിനറി സർജനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒപ്പിട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 14 വയസ്സിന് മുകളിൽ പ്രായമുള്ളതും ജോലിക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ മൃഗങ്ങളെ മാത്രമേ കശാപ്പിന് അനുവദിക്കൂ. വാർധക്യം, പരിക്കുകൾ, വൈകല്യങ്ങൾ അല്ലെങ്കിൽ ഭേദമാക്കാനാവാത്ത രോഗങ്ങൾ എന്നിവ ബാധിച്ച മൃഗങ്ങൾക്കും ഈ ഇളവ് ലഭിക്കും.

മുനിസിപ്പൽ അറവുശാലകളിലോ പ്രാദേശിക ഭരണകൂടം നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലോ മാത്രമേ കശാപ്പ് പാടുള്ളൂ. പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ കൊല്ലുന്നത് കർശനമായി നിരോധിച്ചു. പരിശോധനക്കായി എത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നതും കുറ്റകരമായി പരിഗണിക്കും.

കശാപ്പിന് അനുമതി നിഷേധിക്കപ്പെടുന്നവർക്ക് 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാൻ അവസരമുണ്ടാകും.തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് നിർണായകമായ ഈ നീക്കം. എല്ലാ ലംഘനങ്ങളും ഗൗരവകരമായ കുറ്റമായി കണക്കാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Bengal NDA Govt Imposes Strict Cattle Slaughter Rules, Certificate Must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.