ആഭ്യന്തര കലഹം, വോട്ട് ഇടിവ്; വലഞ്ഞ് ബംഗാൾ ബി.ജെ.പി

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ് ഒരു വർഷത്തിനുശേഷവും പശ്ചിമബംഗാളിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട് ബി.ജെ.പി. നേതാക്കളുടെ കൊഴിഞ്ഞുപോക്കും കുത്തനെ ഇടിയുന്ന വോട്ട് വിഹിതവും തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ഉടലെടുത്ത ആഭ്യന്തര കലഹവുമാണ് പാർട്ടിക്ക് വിനയാകുന്നത്.

കഴിഞ്ഞ വർഷം അവസാനത്തോടെ നേതൃമാറ്റമുണ്ടായെങ്കിലും സംസ്ഥാന ഘടകത്തിലെ പോരിന് കുറവില്ല. നിരവധി നേതാക്കൾ പാർട്ടിയുടെ പ്രവർത്തനരീതിയിൽ പരാതി ഉന്നയിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തെ ഒന്നിപ്പിക്കാനുള്ള ഉന്നതതല നീക്കങ്ങളും വിജയിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേയ് നാലിന് സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. ഷാ പാർട്ടി ദേശീയ അധ്യക്ഷനായപ്പോഴാണ് ബംഗാളിൽ ബി.ജെ.പി ചുവടുറപ്പിച്ചത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച് വരുകയാണെന്ന് സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ വാർത്ത ഏജൻസിയോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബാബുൽ സുപ്രിയോ, മുകുൾ റോയി അടക്കം ഉന്നത നേതാക്കളും നിയമസഭാംഗങ്ങളും തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയതുമുതലാണ് പടലപ്പിണക്കം രൂക്ഷമായത്.

ബി.ജെ.പി നേതൃത്വം ജനാധിപത്യപരമായി പ്രവർത്തിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്നുമാണ് ദേശീയ സെക്രട്ടറി അനുപം ഹസ്ര പറഞ്ഞത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിർത്താൻ ശ്രമിക്കുകയാണെന്നും പുതിയ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജൂംദാറിന് പ്രശ്നം കൈകാര്യം ചെയ്യാനാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ തുടങ്ങിയ വോട്ട് ശതമാനത്തിലെ ഇടിവ് പിന്നീട് വന്ന തെരഞ്ഞെടുപ്പിലും തുടർന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പിൽ 29 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്താണിത്. രണ്ടുമാസത്തിനുശേഷം 108 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12.57 ശതമാനം വോട്ടാണ് ലഭിച്ചത്. ഒരു മുനിസിപ്പാലിറ്റിയിലും വിജയിക്കാനായില്ല. ഈ മേഖലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് ലഭിച്ചിരുന്നു. അസൻസോൾ ലോക്‌സഭ സീറ്റ് തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തതും ബി.ജെ.പിയുടെ തകർച്ചയുടെ ആക്കംകൂട്ടി.

കേന്ദ്ര നിരീക്ഷകന്റെ അഭാവവും പ്രതിസന്ധി വർധിപ്പിച്ചതായി സംസ്ഥാന ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2015 മുതൽ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ബംഗാളിൽ കണ്ടിട്ടേയില്ലത്രെ.

Tags:    
News Summary - Bengal BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.