ന്യൂഡൽഹി: മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയം കോടതി ഉത്തരവ്. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി വായ്പയെടുത്ത് മുങ്ങിയ മെഹുൽ ഏപ്രിലിൽ ബെൽജിയത്തിൽ പിടിയിലായിരുന്നു. മെഹുലിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയമായാണ് ഉത്തരവിനെ കാണുന്നത്. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോകുന്നതിനുള്ള അവസരം മെഹുലിനുണ്ട്. വെള്ളിയാഴ്ച ഇരുഭാഗത്തിന്‍റെയും വാദം കേട്ട കോടതി മെഹുലിന്‍റെ അറസ്റ്റും വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യവും ന്യായമാണെന്ന് വിലയിരുത്തി.
65കാരനായ മെഹുലിനെ ഏപ്രിൽ 11നാണ് സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ച് ആന്‍റ്വർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 4 മാസമായി ജയിലിൽ കഴിയുന്ന മെഹുൽ ബെൽജിയത്തിലെ വിവിധ കോടതികൾ വഴി ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇന്ത്യയുടെ ആരോപണം. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ വാദിച്ചിരുന്നു. ഇന്‍റർ പോൾ മെഹുലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ക്രിമിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വഞ്ചന, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി എന്നിങ്ങനെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചോക്സിയുടെ കൊമാറ്റത്തിന് ഇന്ത്യ ബെൽജിയത്തെ സമീപിച്ചത്. ചോക്സിയെ കൈമാറുകയാണെങ്കിൽ മുബൈയിലെ ആർതർ ജയിലിൽ പാർപ്പിക്കുമെന്നും ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും, പത്രം,ടി വി എന്നിവയൊക്കെ ജയിലിൽ ലഭ്യമാക്കുമെന്ന് ഇന്ത്യ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.