കൊല്‍ക്കത്ത: മുഹമ്മദ് നബിക്കും മുസ്‍ലിംകൾക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഷര്‍മിഷ്ഠ പനോലിയുടെ ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈകോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലേക്ക് ആവാൻ പാടില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
വാദം കേൾക്കലിൽ ഷര്‍മിഷ്ഠക്ക് അടിയന്തര ആശ്വാസം നൽകേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് പിന്നീടുള്ള തീയതിയിലേക്ക് നിശ്ചയിച്ചാൽ ‘സ്വർഗം ഇടിഞ്ഞു വീഴില്ല’ എന്നും പ്രസ്താവിച്ചു.
‘നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിനർഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. വ്യത്യസ്ത ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത പാലിക്കണം’- ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി ഓർമിപ്പിച്ചു.
‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്’ പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിക്കുന്ന വീഡിയോയിലാണ് ഷര്‍മിഷ്ഠ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പാകിസ്താനെതിരെ ഇന്ത്യ എന്തിന് വെടിയുതിര്‍ത്തു എന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞ ഷര്‍മിഷ്ഠ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപമാനിച്ചുവെന്നുമാണ് ആരോപണം.
അധിക്ഷേപകരമായ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്നായിരുന്നു അറസ്റ്റ്. ഒളിവില്‍ പോയ ഷര്‍മിഷ്ഠയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അവർക്കെതിരെ മത നിന്ദ കുറ്റം ചുമത്തി.
2025 മെയ് 31 ന്, കൊൽക്കത്തയിലെ അലിപൂരിലുള്ള ഒരു കീഴ്‌കോടതി പനോലിയുടെ ആദ്യ ജാമ്യാപേക്ഷ നിരസിക്കുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ആരോപണങ്ങളുടെ കാഠിന്യവും വിഡിയോ മൂലമുണ്ടായ പൊതു അസ്വസ്ഥതയും അടിസ്ഥാനമാക്കിയായിരുന്നു കോടതിയുടെ തീരുമാനം.
എന്നാല്‍, യുവതിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അതിനാല്‍ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നും അവതുടെ അഭിഭാഷകന്‍ വാദിച്ചു. കൂടാതെ അറസ്റ്റിന് മുമ്പ് അവര്‍ക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നും ബി.എന്‍.എസ്.എസ് നിയമപ്രകാരം അത് നിര്‍ബന്ധമാണെന്നും പനോലിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, യുവതിയും കുടുംബവും ഒളിവില്‍ പോയതിനാലാണ് നോട്ടീസ് നല്‍കാന്‍ സാധിക്കാത്തതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.
ഭാരതീയ ന്യായ് സമിതിയുടെ (ബി.എന്‍.എസ്) സെക്ഷന്‍ 196 (മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമോ ശത്രുതയോ വളര്‍ത്തല്‍), 299 (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഷര്‍മിഷ്ഠക്കെതിരെ കേസെടുത്തത്.
വീഡിയോ വിവാദമായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തു. കൂടാതെ ഖേദപ്രകടനവുമായി ഷര്‍മിഷ്ഠ പനോലി രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞിരിക്കുന്നതെല്ലാം വ്യക്തിപരമായ ചിന്താഗതികളാണെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഷര്‍മിഷ്ഠ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.