ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സുബ്രമണ്യന്‍ സ്വാമിയുടെ ഹരജി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഹരജിയില്‍ നിത്യേന വാദം കേള്‍ക്കണമെന്ന ആവശ്യം കേസ് പരിഗണിക്കുമ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് അനില്‍ ആര്‍. ദവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തകര്‍ത്ത ബാബരി മസ്ജിദ് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വാമി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരജി നല്‍കിയത്. സരയൂ നദീതീരത്ത് മറ്റെവിടെയും ബാബരി മസ്ജിദ് നിര്‍മിക്കാമെന്നാണ് ഹരജിയിലെ നിര്‍ദേശം. ബാബരിമസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയില്‍ അഞ്ചര വര്‍ഷമായി കെട്ടിക്കിടക്കുകയാണെന്നും അതിനാല്‍ നിത്യേന വാദം കേള്‍ക്കണമെന്നും സ്വാമി വെള്ളിയാഴ്ച ബോധിപ്പിച്ചു.

പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് കര്‍സേവകര്‍ സ്ഥാപിച്ച അയോധ്യയിലെ  താല്‍ക്കാലിക ക്ഷേത്രത്തിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷ  അംഗീകരിച്ച് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിലത്തെുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിറകെയായിരുന്നു ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവിറക്കിയത്.

താല്‍ക്കാലിക ക്ഷേത്രത്തിന്‍െറ അറ്റകുറ്റപ്പണിക്ക് ഫൈസാബാദ് ജില്ല മജിസ്ട്രേറ്റ് നേതൃത്വം വഹിക്കണമെന്നും മേല്‍നോട്ടത്തിന് രണ്ട് സ്വതന്ത്ര നിരീക്ഷകരെ വെക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കുടിവെള്ളവും കക്കൂസും പോലുള്ള അടിസ്ഥാന സൗകര്യമില്ലാതെ രാമഭക്തര്‍ പ്രയാസപ്പെടുകയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സൗകര്യം ചെയ്യാത്തതുകൊണ്ടാണിതെന്നും സ്വാമി വാദിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഖണ്ഡിച്ചിരുന്നു.

തീര്‍ഥാടകര്‍ക്ക് പരാതിയില്ളെന്നും സുബ്രമണ്യന്‍ സ്വാമിക്ക് മാത്രമാണ് പരാതിയെന്നും യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വി.കെ. സിങ് ബോധിപ്പിച്ചു.   എന്നാല്‍, സാധ്യമായത് ചെയ്തുകൊടുക്കണമെന്നായിരുന്നു ജസ്റ്റിസ് ദവെയുടെ മറുപടി.
ഈ വര്‍ഷാവസാനം രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ച സ്വാമി, അതിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍നിന്ന് നേതൃത്വം നല്‍കുന്ന ജഡ്ജിതന്നെ പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു ജസ്റ്റിസ് ഗോപാല ഗൗഡയുടെ പിന്മാറ്റം.

 

Tags:    
News Summary - babri masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.