'യു.പിയിൽ വിപ്ലവമുണ്ടാകും’; തെരഞ്ഞെടുപ്പിൽ വൻ മാറ്റമുണ്ടാകുമെന്ന് അസം ഖാൻ
ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിപ്ലവത്തിനായിരിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഇത്തവണ തെരഞ്ഞെടുപ്പല്ല, വിപ്ലവമാണ് നടക്കുകയെന്നും വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് ജയിൽമോചിതനായ ശേഷം സ്വന്തം നാടായ രാംപുരിലെത്തിയപ്പോഴാണ് പ്രതികരണം.
'ഇത്തവണ തെരഞ്ഞെടുപ്പുണ്ടാകില്ല, വിപ്ലവമായിരിക്കും. മാറ്റമല്ല, പ്രളയമായിരിക്കും സംഭവിക്കുക' എന്നായിരുന്നു അസം ഖാന്റെ പ്രതികരണം. മുഹമ്മദ് അലി ജൗഹർ സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഒക്ടോബർ 31നാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഗാസിയാബാദിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭരണഘടന ഇപ്പോഴും തടവിലാണെന്ന തന്റെ വിശ്വാസം കോടതി ഉത്തരവ് ശക്തിപ്പെടുത്തിയെന്ന് അസം ഖാൻ പറഞ്ഞു. ഭരണഘടനയുടെ സ്വാതന്ത്ര്യത്തിനായി എല്ലാവരും ഒന്നിച്ച് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല, യഥാർഥ ജനകീയ പ്രശ്നങ്ങൾ മുൻനിർത്തിയായിരിക്കും വോട്ട് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ അസംഖാന് നീതി ഉറപ്പാക്കുമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നീതി നടപ്പാക്കണം, എന്നാൽ ആരോടും പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇ.ഡിയെയും മറ്റ് അന്വേഷണ ഏജൻസികളെയും പരിഹസിച്ച അദ്ദേഹം, ഭരണഘടനാ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയുന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.