തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ സമാധാനം തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നു -മുഖ്യമന്ത്രി ഭഗവന്ത് മാൻ

ആനന്ദ്പുർ സാഹിബ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഭീതിയും സംഘർഷവും സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ. മതവിദ്വേഷം വളർത്തിയും ജനങ്ങളെ ഭിന്നിപ്പിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആനന്ദ്പുർ സാഹിബിലെ തഖ്ത് ശ്രീ കേശ്ഗന്ദ് സാഹിബിൽ ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാൻ.

സംസ്ഥാന സർക്കാർ പാസാക്കിയ വിശുദ്ധ ഗ്രന്ഥ നിന്ദ വിരുദ്ധ നിയമത്തിൽ ബി.ജെ.പി അസ്വസ്ഥരാണെന്ന് മാൻ പറഞ്ഞു. "പഞ്ചാബ് സമാധാനപ്രിയമായ സംസ്ഥാനമാണ്. ഇവിടുത്തെ സാഹോദര്യം തകർക്കാൻ ബി.ജെ.പി കാലാകാലങ്ങളായി ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ധ്രുവീകരണം നടത്തുന്നത് അവരുടെ പതിവുശൈലിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിൽ അടുത്തിടെയുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ സംസ്ഥാനത്തെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ടാകാമെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മതവികാരങ്ങളെ ചൂഷണം ചെയ്ത് വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ ഇത്തരം വിഭജന ശ്രമങ്ങൾ നടക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിശുദ്ധ ഗ്രന്ഥ നിന്ദ വിരുദ്ധ നിയമത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ആം ആദ്മി പാർട്ടി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ 'ശുക്രാന യാത്ര'യ്ക്ക് ആനന്ദ്പുർ സാഹിബിൽ തുടക്കമായിട്ടുണ്ട്. പഞ്ചാബിന്റെ സാമൂഹിക ഘടന തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭഗവന്ത് മാൻ ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Assembly elections; BJP trying to disrupt peace in Punjab - Chief Minister Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.