ബംഗളൂരുവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസിൽ
നടന്ന വാർത്തസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാര്‍ മീണ സംസാരിക്കുന്നു
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 5.37 കോടി വോട്ടര്‍മാരാണ് കർണാടകയിലുള്ളത്. ബംഗളൂരു നഗരത്തിൽ ബി.ബി.എം.പി പരിധിയില്‍ 98,43,577 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 50,78,525 പുരുഷന്മാരും 47,63,268 സ്ത്രീകളുമാണ്. ഭിന്നലിംഗക്കാരായ വോട്ടര്‍മാര്‍ 1,784 ആണ്. 1,12,242 പേർ ബംഗളൂരുവിൽ കന്നി വോട്ടര്‍മാരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാര്‍ മീണ അറിയിച്ചു.
സംസ്ഥാനത്തെ 5.37 കോടി വോട്ടര്‍മാരിൽ 17,937 വോട്ടര്‍മാര്‍ 100 വയസ്സ് കഴിഞ്ഞവരാണെന്നതാണ് പ്രത്യേകത. 2024ലെ കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 5,33,77,162 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ ഇത് 5,37,85,815 ആയി. സംസ്ഥാനത്ത് 2,69,33,750 പുരുഷ വോട്ടര്‍മാരും 2,68,47,145 സ്ത്രീ വോട്ടര്‍മാരും 4,920 ഭിന്നലിംഗക്കാരായ വോട്ടര്‍മാരുമാണുള്ളത്.
കർണാടകയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 28 മണ്ഡലങ്ങളാണുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ 29 മണ്ഡലങ്ങളാണുള്ളത്. ഇവയിൽ 17 എണ്ണത്തിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതൽ. 10,34,018 പേർ കന്നി വോട്ടര്‍മാരാണ്.
നിയമസഭ മണ്ഡലങ്ങളില്‍ ബംഗളൂരു സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്; 7,17,201 പേർ. ചിക്കമംഗളൂരുവിലെ ശൃംഗേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍; 1,67,556 പേർ. ലോക്സഭ മണ്ഡലങ്ങളില്‍ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തിലാണ് കൂടുതൽ വോട്ടുള്ളത്. 31 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. കുറവ് ഉഡുപ്പിയിലും; 15 ലക്ഷത്തില്‍ താഴെ.
വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവർ ഉടന്‍ ഇലക്ടറല്‍ റോളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. വോട്ടര്‍മാര്‍ അവരുടെ പേരുകള്‍ ഇലക്ടറല്‍ റോളില്‍ ശരിയാണെന്ന് ഉറപ്പാക്കണം. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലൂടെയും voteportal.eci.gov.in പോര്‍ട്ടല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എക്സ്പ്രസ് പോസ്റ്റ് സര്‍വിസ് വഴി വിതരണം ചെയ്തുവരുന്നു. നവംബര്‍ അവസാനം വരെ 17,47,518 കാര്‍ഡുകള്‍ വിതരണം ചെയ്തതായും തയാറായ 10,76506 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.