കെജ്രിവാളിനും കെ. കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും.

മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

നേരത്തെ, തന്‍റെ അ​റ​സ്റ്റ്​ ശ​രി​വെ​ച്ച ഡൽഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഉത്തരവ്​ സ്​​റ്റേ ചെ​യ്യാ​നോ ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കാ​നോ ര​ണ്ടം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ത​യാ​റാ​യിരുന്നി​ല്ല. ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം മാ​ത്രമാണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കുക. 

അതേസമയം, പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാളിന് തിഹാർ അധികൃതർ ഇൻസുലിൻ നിഷേധിച്ചുവെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) ആരോപിച്ചു. ജയിലിൽ വെച്ച് അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കെജ്രിവാളും ആരോപിച്ചിരുന്നു.

എന്നാൽ, കെജ്രിവാളിന് ഇൻസുലിൻ ആവശ്യമില്ലെന്നാണ് തിഹാർ ജയിൽ അധികൃതരുടെ വാദം. കെജ്രിവാൾ കുറച്ചുവർഷങ്ങളായി ഇൻസുലിൻ ഉപയോഗിച്ചിരുന്നതായും എന്നാൽ തെലങ്കാനയിലെ ഡോക്ടറുടെ നിർദേശ പ്രകാരം ഏതാനും മാസമായി അത് നിർത്തിയെന്നും ജയിൽ അധികൃതർ ഡൽഹി ലഫ്.ഗവർണർ വി.കെ. സക്സേനക്ക് റിപ്പോർട്ട് നൽകി.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ ഇൻസുലിൻ നൽകാൻ തയാറാകാത്തതിനെ തുടർന്ന് കെജ്രിവാൾ ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ വിധി പറയുന്നത് മാറ്റിവെച്ച കോടതി കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും ജയിലധികൃതരോട് വിശദീകരണം തേടിയിരുന്നു.

Tags:    
News Summary - Arvind Kejriwal, K Kavitha to stay in jail, judicial custody extended till May 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.