സുപ്രീംകോടതി

ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു-കശ്മീരിന് പരമാധികാരമില്ല; പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാനം ശരിവെച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം. കോടതി വിധി കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്നതാണ്. ജമ്മു-കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ല. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരിച്ചുനൽകണമെന്നും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. 2024 സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിർദേശം. രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനപരമോ, 370ാം അനുച്ഛേദം സ്ഥിരമോ താൽക്കാലികമോ, നിയമസഭാ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്. മൂന്നു വ്യത്യസ്ത വിധികളാണ് പറയുന്നതെങ്കിലും തീരുമാനം ഏകകണ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.

2019 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ 370ാം വകുപ്പിലെ നിബന്ധനകൾ റദ്ദാക്കിയതിനും ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുമെതിരെ നൽകിയ ഹരജികളിലാണ് വിധി പറയുന്നത്. കേസില്‍ 16 ദിവസത്തെ വാദം കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറയുന്നത്.

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹരജിക്കാര്‍ സുപ്രീംകോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്. ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭക്കുമാത്രമാണ് 370ാം അനുച്ഛേദം റദ്ദാക്കാന്‍ അധികാരം ഉണ്ടായിരുന്നത് എന്നാണ് ഹരജിക്കാർ ഉന്നയിച്ചിരുന്നത്. 

Tags:    
News Summary - Article 370 judgment from Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.