മുംബൈ: മാലേഗാവ് സ്ഫോടന ക്കേസിൽ കുറ്റമുക്തരാക്കപ്പെട്ട ഏഴ് പ്രതികൾക്ക് ബോംബെ ഹൈകോടതി നോട്ടീസ് അയച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ അപ്പീലിലാണ് നടപടി. ദേശീയ അന്വേഷണ ഏജൻസിക്കും (എൻ.ഐ.എ) മഹാരാഷ്ട്ര സർക്കാറിനും ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖദ് എന്നിവരുടെ ബെഞ്ചാണ് നോട്ടീസയച്ചത്. അപ്പീലിലെ വാദം കേൾക്കൽ ആറാഴ്ച കഴിഞ്ഞ് നടക്കും.
പ്രതികളെ കുറ്റമുക്തരാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആറുപേരുടെ കുടുംബാംഗങ്ങളാണ് കോടതിയിലെത്തിയത്. കേസിൽ കുറ്റമുക്തരായവരിൽ ബി.ജെ.പി മുൻ എം.പി പ്രജ്ഞ സിങ് ഠാകുറും ലഫ്.കേണൽ പ്രസാദ് പുരോഹിതും ഉൾപ്പെടും. അന്വേഷണത്തിലെ പിഴവും പാളിച്ചയും കൊണ്ട് കുറ്റാരോപിതരെ വെറുതെ വിടരുതെന്ന് അപ്പീലിൽ പറഞ്ഞു.
സ്ഫോടനം അതീവ രഹസ്യമായാണ് ആസൂത്രണം ചെയ്തത്. അതിനാൽ തെളിവിന്റെ അഭാവമുണ്ടാകുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജൂലൈ 31നാണ് എൻ.ഐ.എ പ്രത്യേക കോടതി പ്രതികളെ വെറുതെ വിട്ടത്. അത് ശരിയായ നടപടിയല്ല. നിയമത്തിന്റെ സത്തക്ക് ചേർന്ന കാര്യവുമല്ല. വിചാരണ കോടതി പോസ്റ്റ് ഓഫിസ് പോലെയാകരുതെന്നും അവർ തുടർന്നു.
2008 സെപ്റ്റംബർ 29ന് നാസിക് ജില്ലയിലെ മാലേഗാവിലുള്ള പള്ളിക്കരികെ നിർത്തിയിട്ട ബൈക്കിൽ വെച്ച ബോംബുപൊട്ടി ആറുപേർ മരിക്കുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് കേസിനാധാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.