'ഗോവധ നിരോധനമായാലും ഹിജാബ് നിരോധനമായാലും...'; കർണാടകയിൽ നിലപാട് വ്യക്തമാക്കി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സർക്കാറിന്‍റെ ഗോവധനിരോധന ബിൽ കർണാടകക്ക് വലിയ സാമ്പത്തികാഘാതം സൃഷ്ടിച്ചതായും സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് തടസ്സമാണെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ. ഇത് കോൺഗ്രസിന്‍റെ മാത്രം അഭിപ്രായമല്ലെന്നും ബി.ജെ.പി സർക്കാറിന്‍റെ ധനകാര്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യമാണെന്നും ഗ്രാമവികസന വകുപ്പ് മന്ത്രിയായ ഖാർഗെ പറഞ്ഞു.

ബി.ജെ.പിയുടെ ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തായാലും കർണാടകയുടെ സാമ്പത്തിക വളർച്ചക്കും സാമൂഹിക പുരോഗതിക്കും എതിരാണെന്ന് കണ്ടാൽ ഒഴിവാക്കുമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇതിൽ രാഷ്ട്രീയമില്ല. വികസനവും പുരോഗതിയുമാണ് ലക്ഷ്യം.

ഗോവധ നിരോധന ബിൽ ബി.ജെ.പി കർണാടകയിൽ കൊണ്ടുവന്നത് നാഗ്പൂരിലെ അവരുടെ യജമാനന്മാരെ പ്രീതിപ്പെടുത്താനായാണ്. അത് കർഷകരെയോ കാർഷിക മേഖലയെയോ സന്തോഷിപ്പിച്ച ഒരു നിയമമല്ല.

ഗോവധ നിരോധനം സർക്കാർ പുന:പരിശോധിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ ഇത്തരത്തിൽ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നിയമങ്ങളോട് യോജിക്കാനാവില്ല. അടുത്ത രണ്ട് വർഷം ബജറ്റിൽ ചുരുക്കമുണ്ടായേക്കാം. ഗോവധ നിരോധനം മാത്രമല്ല, ബി.ജെ.പിയുടെ ഗോസംരക്ഷണ തീരുമാനങ്ങളും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ഒരു പശുവിന് ദിവസം 70 രൂപ വെച്ച് തീറ്റക്കായി ചെലവഴിക്കുമെന്നാണ് മുൻ സർക്കാറിന്‍റെ പ്രഖ്യാപനം. സംസ്ഥാനത്തെ 1.7 ലക്ഷത്തോളം കന്നുകാലികൾക്ക് 5240 കോടി രൂപ ഇതിനായി ചെലവിടേണ്ടിവരും -ഖാർഗെ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകില്ലേയെന്ന ചോദ്യത്തിന്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വൻ ജനസമ്മതി നോക്കൂവെന്നായിരുന്നു ഖാർഗെയുടെ മറുപടി. കർണാടകയുടെ സാമ്പത്തിക വളർച്ചയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കർഷകർ, വ്യാപാരികൾ, ചെറുകിട സംരംഭകർ എല്ലാവരുടെയും വളർച്ചയാണ് ലക്ഷ്യം. കർണാടകയെ പുരോഗതിയുടെ വഴിയിലേക്ക് കൊണ്ടുപോകാനാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ വിജയം നൽകിയത്. ഒരു സർക്കാറെന്ന നിലയിൽ എല്ലാവരുടെ കാര്യങ്ങൾക്കും മുൻഗണന നൽകണം. ചില പിന്തിരിപ്പൻ നയങ്ങൾ ചിലർക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിൽ അത് തുടരുകയാണോ പിൻവലിക്കുകയാണോ ചെയ്യേണ്ടത്‍? -ഖാർഗെ ചോദിച്ചു. 

Tags:    
News Summary - Any BJP Rule Can Go Karnataka Minister Over Cow Slaughter, Hijab Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.