ബംഗാളിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ; ആളുകൾ കൂട്ടം കൂടുന്നതിനും പ്രകടനങ്ങൾക്കും കർശന വിലക്ക്

 കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ കൊൽക്കത്തയിലെ ഏഴ് പ്രധാന സ്ട്രോങ്ങ് റൂമുകൾക്ക് ചുറ്റും കനത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും കൊൽക്കത്ത പൊലീസ് കമീഷണർ അജയ് നന്ദ് നിരോധിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അസ്വാഭാവിക നീക്കങ്ങൾ നടക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് മുൻകരുതൽ നടപടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് കമീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ട്രോങ്ങ് റൂമുകളുടെ 200 മീറ്റർ ചുറ്റളവിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് കുറ്റകരമാണ്. കൂടാതെ റാലികൾ, പ്രതിഷേധങ്ങൾ, പൊതുയോഗങ്ങൾ എന്നിവക്കും ഈ മേഖലകളിൽ സമ്പൂർണ്ണ വിലക്കുണ്ട്. വോട്ടെണ്ണൽ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.

 പ്രശ്നസാധ്യത കണക്കിലെടുത്ത് സഹീദ് ക്ഷുദിറാം ബോസ് റോഡ്, ജഡ്‌ജസ് കോർട്ട് റോഡ്, ജാദവ്പൂർ, ഡയമണ്ട് ഹാർബർ റോഡ്, ലോർഡ് സിൻഹ ഹാൾ, നരേഷ് മിത്ര സരണി, പ്രമതേഷ് ബറുവ സരണി എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് പെട്ടികൾ തുറക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുരുതര ആരോപണത്തെത്തുടർന്ന് വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ഇത്തരത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി വൻ പൊലീസ് സന്നാഹത്തെയാണ് കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അസ്വാഭാവികമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടർന്ന്  കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് പുറത്ത് ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. തൃണമൂൽ നേതാക്കളായ കുനാൽ ഘോഷും ശശി പഞ്ജയും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ കവാടത്തിൽ പ്രതിഷേധവുമായി ഇരുന്നു. ഇതിനിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ശാഖാവത്ത് മെമ്മോറിയൽ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി സ്ട്രോങ്ങ് റൂമിന് സമീപം നിലയുറപ്പിച്ചത് സംഘർഷത്തിന്റെ ആക്കം കൂട്ടി.

അതേസമയം തൃണമൂൽ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ തള്ളി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ കൃത്യമായി സീൽ ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റൽ ബാലറ്റുകൾ തരംതിരിക്കുന്ന ജോലികളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടന്നിരുന്നത്. സ്ട്രോങ്ങ് റൂമിനുള്ളിൽ വൈദ്യുതി കണക്ഷൻ അനുവദനീയമല്ലാത്തതിനാൽ ടോർച്ച് വെളിച്ചത്തിലാണ് ഈ ജോലികൾ നടന്നതെന്നും ഇത് അസ്വാഭാവികമാണെന്ന തൃണമൂൽ നേതാക്കളുടെ ധാരണ തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - After High Drama At Kolkata Counting Centres, Cops Ban Large Gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.