മരത്തിനടിയിൽ ഭക്ഷണം കഴിച്ചു, തൊട്ടുപിന്നാലെ കൂട്ടക്കുരുതി; പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് കൈകൾ; കൃത്യമായ തെളിവുകളുമായി എൻ.ഐ.എ കുറ്റപത്രം

ശ്രീനഗർ: പഹൽഗാമിൽ കഴിഞ്ഞ വർഷം ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് തൊട്ടുമുമ്പ്, ഭീകരർ ബൈസാരൻ പുൽമേടിന് സമീപമിരുന്ന് ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് 26 പേരെ വെടിവെച്ചുകൊന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഡിസംബർ 15ന് സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ആക്രമണത്തിന് പിന്നിൽ പാകിസ്താന്റെ നേരിട്ടുള്ള പങ്കാളിത്തം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും എൻ.ഐ.എ നിരത്തുന്നുണ്ട്.

കൊല്ലപ്പെട്ട ഭീകരരിൽനിന്ന് കണ്ടെടുത്ത രണ്ട് ഷവോമി ഫോണുകളുടെ ഐ.പി അഡ്രസ്സുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പാകിസ്താനിലേക്ക് നീണ്ടത്. പാകിസ്താനിലെ കസൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ/ടി.ആർ.എഫ് കമാൻഡർ സാജിദ് സൈഫുള്ള ജാട്ട് ആണ് ആക്രമണത്തിന്റെ സൂത്രധാരൻ. ഇയാൾ ഏപ്രിൽ 15ന് ഭീകരർക്ക് ബൈസാരൻ പാർക്കിന്റെ കൃത്യമായ ലൊക്കേഷൻ കോഓർഡിനേറ്റുകൾ അയച്ചുകൊടുത്തതായി ഫോണിലെ 'ആൽപൈൻ ക്വസ്റ്റ്' ആപ് പരിശോധിച്ചതിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഭീകരർ ഉപയോഗിച്ച രണ്ട് ഫോണുകളും പാകിസ്താനിലാണ് വിൽക്കപ്പെട്ടതെന്നും കണ്ടെത്തി.

ആക്രമണത്തിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശങ്ങൾ വന്നതും പിന്നീട് അന്താരാഷ്ട്ര സമ്മർദമുണ്ടാകുമെന്ന് ഭയന്ന് അത് നിഷേധിച്ചുകൊണ്ട് ടെലിഗ്രാം ബോട്ട് വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചതും പാകിസ്താനിലെ റാവൽപിണ്ടി, ഖൈബർ പക്തുൻഖ്വ ഐ.പി അഡ്രസ്സുകളിൽ നിന്നാണെന്നും കുറ്റപത്രത്തിൽ തെളിവ് സഹിതം വ്യക്തമാക്കുന്നു.

ഏപ്രിൽ 22ന് ഉച്ചയ്ക്കാണ് ഭീകരർ ബൈസാരൻ പാർക്കിൽ അക്രമണം നടത്തിയത്. തലയിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ച ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നീ മൂന്ന് പാക് ഭീകരരാണ് ആക്രമണം നടത്തിയത്. പാർക്കിൽ തടിച്ചുകൂടിയ വിനോദസഞ്ചാരികളുടെ മതപരമായ ഐഡന്റിറ്റി വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ വെടിവെച്ചത്. മുസ്‍ലിം നാമധാരികളല്ലാത്തവരെയും കൽമ ചൊല്ലാൻ കഴിയാത്തവരെയും പോയന്റ് ബ്ലാങ്കിൽ നിർത്തി ഭീകരർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. വെടിയുതിർക്കുന്നതിനിടെ 'മോദിയോട് പോയി പറയു' എന്ന് ഭീകരർ വിളിച്ചുപറഞ്ഞിരുന്നതായും എൻ.ഐ.എ വ്യക്തമാക്കുന്നു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക കുതിര സവാരിക്കാരനുമാണ് അന്ന് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭീകരർ ആകാശത്തേക്ക് വെടിയുതിർത്ത് വിജയം ആഘോഷിക്കുകയും ചെയ്തു.

ആക്രമണത്തിന് തലേദിവസം (ഏപ്രിൽ 21) പ്രദേശവാസിയായ പർവേസ് അഹമ്മദിന്റെയും അയാളുടെ അമ്മാവനും കുതിര സവാരിക്കാരനുമായ ബഷീർ അഹമ്മദ് ജോഥാദിന്റെയും ഷെൽട്ടറിലാണ് ഭീകരർ കഴിഞ്ഞിരുന്നത്. ഇവർ ഭീകരർക്ക് ഭക്ഷണവും ഒളിച്ചിരിക്കാൻ സൗകര്യവും നൽകുകയും അമർനാഥ് യാത്രയെക്കുറിച്ചും സുരക്ഷാ ക്യാമ്പുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു. പകരമായി ഭീകരർ ഇവർക്ക് 3000 രൂപ നൽകി. പിറ്റേന്ന് രാവിലെ ഇവർ ഭീകരരെ പാർക്കിന് സമീപം കണ്ടിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെയോ മറ്റ് വിനോദസഞ്ചാരികളെയോ വിവരമറിയിക്കാൻ തയാറായില്ല. ഇരുവരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും കഴിഞ്ഞ വർഷം ജൂലൈ 28ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന വധിച്ചിരുന്നു.

Tags:    
News Summary - After eating under a tree, a massacre ensued; Pak hands behind Pahalgam terror attack; NIA chargesheet with concrete evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.