file photo

കോൺഗ്രസിന് കർമസമിതി; പാർട്ടിയിൽ സമഗ്ര പുനഃസംഘടന

ന്യൂഡൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ കോൺഗ്രസിന് ഉന്നത കർമ സമിതി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തയാറാക്കിയ തെരഞ്ഞെടുപ്പു നയ രൂപരേഖ പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കർമ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്.

പാർട്ടിയുടെ ചിന്താശിബിരം മേയ് 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്താനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന യോഗം തീരുമാനിച്ചു. അതേസമയം, പ്രശാന്ത് കിഷോറിന്‍റെ പാർട്ടി പ്രവേശനം സംബന്ധിച്ച് അവ്യക്ത തുടരുകയാണ്. പ്രശാന്ത് കിഷോറിന്റെ നയരേഖ പഠിച്ച എട്ടംഗ സമിതി സോണിയ ഗാന്ധിക്ക് ഏപ്രിൽ 21ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു ചർച്ച ചെയ്യാനാണ് തിങ്കളാഴ്ച യോഗം ചേർന്നത്.

2024ലെ തെരഞ്ഞെടുപ്പിനെ നിലവിലെ രീതിയിൽ നേരിടാനാകില്ലെന്നും പാർട്ടിയെ സമഗ്രമായി പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കർമസമിതിയെ നിയോഗിക്കുന്നത്. ചിന്താശിബിരത്തിൽ കൂടുതൽ ചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോർ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ട് ചർച്ചയുടെ ഭാഗംതന്നെയാണ്. പാർട്ടിയുടെ നിലപാടും പ്രശാന്ത് കിഷോറിന്‍റെ നിലപാടും എന്താണെന്ന് അടുത്ത ദിവസങ്ങളിൽ അറിയാമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

വിവിധ സംസ്ഥാനങ്ങളിൽനിന്നായി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, പാർട്ടി ദേശീയ ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷൻമാർ, നിയമസഭ കക്ഷി നേതാക്കൾ തുടങ്ങി 400 പ്രതിനിധികൾ ചിന്താശിബിരത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു.

കാർഷിക മേഖല, പിന്നാക്ക-പട്ടിക വിഭാഗം, മത-ഭാഷാ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, സാമൂഹിക നീതി, ശാക്തീകരണം, യുവാക്കളുടെ ക്ഷേമം എന്നിവ സംബന്ധിച്ചും ചർച്ച ചെയ്യും. കൂടാതെ, സംഘടനാ പുനസംഘടനയും ശക്തിപ്പെടുത്തലും സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Action Committee for Congress; Comprehensive reorganization in the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.