പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
ന്യൂഡൽഹി/ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയുടെ ഏഴ് എം.പിമാരുടെ കൂറുമാറ്റത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിലെ എ.എ.പി എം.എൽ.എമാരോടൊപ്പം നേരിട്ടെത്തി കൂറുമാറിയ എം.പിമാരെ തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രപതിക്ക് മുന്നിൽ ഉന്നയിക്കാനാണ് മാനിന്റെ നീക്കം. കൂറുമാറ്റ നിരോധന നിയമം കണക്കിലെടുത്ത് ഭരണഘടനാപരമായ പരിഹാരം വിഷയത്തിൽ രാഷ്ട്രപതിയോട് തേടിയേക്കുമെന്നാണ് സൂചന.
രാഘവ് ഛദ്ദ, സന്ദീപ് പഥക് എന്നിവരടക്കമുള്ള പ്രമുഖരായ ഏഴ് എ.എ.പി എം.പിമാരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. ഈ കൂടുമാറ്റം ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ആകെ പത്ത് രാജ്യസഭ എം.പിമാരുള്ള എ.എ.പിയിൽ നിന്ന് ഏഴ് പേർ ഒന്നിച്ച് മാറിയതിനാൽ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം ഇവർക്ക് തിരിച്ചടിയാവില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന സാങ്കേതികത്വം ഉപയോഗിച്ചാണ് ഇവരുടെ ബി.ജെ.പി പ്രവേശമെന്നും അതിന് ഭരണഘടനാപരമായ പരിഹാരം ആവശ്യമാണെന്നും ഭഗവത് മാൻ പറഞ്ഞു. പാർട്ടി വിട്ടവരെ 'ഗദ്ദാറുകൾ' അഥവാ ദ്രോഹികൾ എന്ന് വിശേഷിപ്പിച്ച ഭഗവന്ത് മൻ, ബി.ജെ.പി എ.എ.പിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
"എനിക്കെതിരെ ഒന്നും കണ്ടെത്താൻ കഴിയാതായപ്പോൾ അവർ പാർട്ടിയെ തകർക്കാൻ നോക്കുകയാണ്. കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതിലുള്ള പക പഞ്ചാബിനോട് തീർക്കുകയാണ് ബി.ജെ.പി" -ഭഗവന്ത് മൻ പറഞ്ഞു.
അതിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ഛദ്ദ പാർട്ടി തത്വങ്ങളിൽനിന്ന് വ്യതിചലിച്ചതാണ് തന്റെ മാറ്റത്തിന് കാരണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. താൻ ഇത്രയും കാലം 'തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി'യായിരുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ ധീരമായ തീരുമാനങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും ചദ്ദ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണഅ ഈ പിളർപ്പ് എ.എ.പിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.