ബംഗളൂരുവിൽ മെട്രോ നിർമാണ തൊഴിലാളികൾ താമസിച്ച മൂന്നുനില കെട്ടിടം നിലംപൊത്തി - വിഡിയോ

ബംഗളൂരു: ബംഗളൂരുവിൽ മെട്രോ നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണു. ബംഗളൂരു വിൽസൻ ഗാർഡൻ ലക്കസാന്ദ്ര സുബ്ബരാജു ലേഒൗട്ടിലെ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ നിലംപൊത്തിയത്.

ഞായറാഴ്ച കെട്ടിടം കുലുങ്ങിയതിനെതുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ മാറ്റിപാർപ്പിച്ചിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഇരുപതിലധികം െതാഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നും മെട്രോ നിർമാണത്തിനായി ബംഗളൂരുവിലെത്തിയവരായിരുന്നു ഇവർ.

രാവിലെ 11ഒാടെ മുന്നിലെ റോഡിലേക്കാണ് കെട്ടിടം തകർന്ന് വീണത്. കെട്ടിടത്തിൽ താമസിച്ചവരിൽ ചിലർ കെട്ടിടം നിലം പൊത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഥലത്തുനിന്നും മാറിയത്. കെട്ടിടത്തിെൻറ അപകടാവസ്ഥ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഫയർഫോഴ്​സെത്തി പരിശോധന നടത്തിയതിന് പിന്നാലെയാണ് തകർന്നുവീണത്.

കെട്ടിട അവശിഷ്​​ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഫയർഫോഴ്സ് ഉറപ്പാക്കി. കെട്ടടിത്തിെൻറ കാലപ്പഴക്കമാണ്​ തകർച്ചയുടെ​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. കെട്ടിടം കുലുങ്ങുന്നതായി പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് ഇവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

എന്നാല്‍, കെട്ടിടം വീഴാറായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെന്ന് ബി.എം.ആര്‍.സി.എല്‍ എം.ഡി. അന്‍ജും പര്‍വേസ് പറഞ്ഞു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ മെട്രോ നിർമാണ തൊഴിലാളികൾ നഗരത്തിൽ താമസിക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.


1960ൽ നിർമിച്ച കെട്ടിടമാണ് തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. കെട്ടിടം തകർന്നുവീഴുന്നതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബി.ബി.എം.പിക്കെതിരെ വ്യാപക വിമർശനമാണുയരുന്നത്. കാലപ്പഴക്കം ചെന്ന കെടിട്ടങ്ങൾ പരിശോധിക്കാനോ അത്തരം കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വിൽസൻ ഗാർഡൻ പൊലീസ് പറഞ്ഞു. നിയമം ലംഘിച്ചുള്ള കെട്ടിടം അനധികൃതമാണെന്ന് ബി.ജെ.പി എം.എൽ.എ ഉദയ് ബി. ഗരുഡാചാർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി കെട്ടിടം നേരിയ തോതിൽ ചെരിഞ്ഞ നിലയിലായിരുന്നുവെന്നും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

തുടർക്കഥയായി കെട്ടിടങ്ങളുടെ തകർച്ച

ബംഗളൂരുവിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് ആവർത്തിക്കുമ്പോഴും നിയമം ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു. െകട്ടിടങ്ങൾ തകർന്നുള്ള അപകടങ്ങളിൽ പലപ്പോഴും തലനാരിഴക്കാണ് താമസക്കാർ രക്ഷപ്പെടുന്നത്.

മുൻ വർഷങ്ങളിലും സമാന രീതിയിൽ നഗരത്തിെൻറ പലയിടത്തായി കെട്ടിടങ്ങൾ നിലംപൊത്തിയ സംഭവങ്ങൾ നടന്നിട്ടും അനധികൃത നിർമാണ പ്രവൃത്തികൾക്കെതിരെയും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പരിശോധിക്കുന്നതിലും ബി.ബി.എം.പി വീഴ്ച വരുത്തുന്നുവെന്ന ആരോപണം ശക്തമാണ്. നഗരത്തിലെ ഒരോ വാർഡിലും പടുത്തുയർത്തുന്ന കെട്ടിടങ്ങളിൽ ഭൂരിഭാഗവും നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണെന്ന ആരോപണം നേരത്തെയുണ്ട്.

ബി.ബി.എം.പിയിൽനിന്നും കെട്ടിടം നിർമിക്കാനുള്ള പ്ലാനിന്​ അനുമതി ലഭിച്ചശേഷം കൂടുതൽ നില കെട്ടിപ്പടുക്കുന്നതും ദുരന്തങ്ങൾ ആവർത്തിക്കുന്നതിെൻറ കാരണമായി മാറുന്നു. തിങ്കളാഴ്ച കാലപഴക്കത്തെതുടർന്നാണ് കെട്ടിടം തകർന്നുവീണത്. നഗരത്തിൽ ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള നിരവധി കെട്ടിടങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരാണ് കുറഞ്ഞ വാടകക്ക്​ താമസിക്കുന്നത്.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പരിശോധിച്ച് ആളുകളെ മാറ്റിപാർപ്പിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് നഗരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ മെട്രോ നിർമാണത്തിന് ഉൾപ്പെടെ വൻകിട പദ്ധതികൾക്കായി ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾ താമസിക്കുന്നത് സുരക്ഷിതമല്ലാത്ത സ്ഥലത്താണെന്നതിെൻറ മറ്റൊരു തെളിവാണ് തിങ്കളാഴ്ചത്തെ അപകടം.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട 2020ലെ ബി.ബി.എം.പി നിയമത്തിലെ അപാകതകളും കെട്ടിടങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കെട്ടിപ്പൊക്കുന്നതിന്​ കാരണമായിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനാവശ്യമായ കാര്യങ്ങൾ നിയമത്തിലില്ല. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ സോണൽ കമീഷണർമാർക്ക് നോട്ടീസ് അയക്കാമെങ്കിലും ഇക്കാര്യത്തിൽ കാര്യമായ തുടർനടപടി ഉണ്ടാകാറില്ല.

തിങ്കളാഴ്ച നിലംപൊത്തിയ കെട്ടിടം മെട്രോ തൊഴിലാളികൾക്ക് താമസിക്കാൻ ബി.എം.ആർ.സി.എൽ വാടകക്ക് എടുത്തതാണ്. നഗരത്തിൽ പല വർഷങ്ങളിലായി കെട്ടിടം തകർന്ന് അപകടമുണ്ടായിട്ടുണ്ട്. 2019 ജൂലൈ ഒമ്പതിന് രാത്രി ഹച്ചിങ്സ് റോഡിലെ നിർമാണത്തിലിരുന്ന അപാർട്ട്മെൻറ് കോംപ്ലക്സും നാലു വർഷം പഴക്കമുള്ള മറ്റൊരു അപാർട്ട്മെൻറ് കോംപ്ലക്സും തകർന്നുവീണിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ സമ്മർദ്ദത്തെതുടർന്ന് സമീപത്തെ അപ്പാർട്ട്െമൻറ് തകർന്നുവീഴുകയായിരുന്നു. ഇതിെൻറ താഴത്തെ നിലയിൽ താമസിച്ചിരുന്ന സുരക്ഷാ ജീവനക്കാരനും അദ്ദേഹത്തിെൻറ നാലംഗ കുടുംബവുമാണ് അന്ന് കൊല്ലപ്പെട്ടത്.

മനുഷ്യനിർമിത ദുരന്തമാണ്​ ഇതെന്ന്​ അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. 2019 മെയിൽ ഹൊരമാവിൽ മൂന്നുനില കെട്ടിടം നിലം പൊത്തിയിരുന്നു. സംഭവം നടക്കുന്നതിന് മുമ്പെ ആറംഗ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചതിനാൽ അന്ന് ദുരന്തമൊഴിവായി.

കെട്ടിടം നിർമിച്ചശേഷം താമസിക്കാനുള്ള അനുമതിപത്രം നൽകിയശേഷം ബി.ബി.എം.പി ഗുണനിലവാര പരിശോധന ഉൾപ്പെടെ നടത്താറില്ല. ദിവസങ്ങൾക്ക് മുമ്പ് അപാർട്ട്മെൻറിൽ തീപിടിത്തമുണ്ടായി രണ്ടുപേർ മരിച്ചിരുന്നു. ബാൽക്കണി ഗ്രിൽ അടച്ചതിനാൽ ഇവരെ രക്ഷിക്കാനായില്ല.

2020 ജൂലൈയിൽ മജസ്​റ്റിക്കിൽ മൂന്നുനില കെട്ടിടം തകർന്നുവീണിരുന്നു. സംഭവം നടക്കുന്നതിെൻറ ഒരു ദിവസം മുമ്പാണ് ആളുകളെ ഒഴിപ്പിച്ചത്. കെട്ടിടത്തിന് സമീപം നിർമാണ പ്രവൃത്തനം നടന്നിരുന്നു. നഗരത്തിലെ പ്രശസ്തമായ കപാലി തിയറ്റർ നിലനിന്നിരുന്ന സ്ഥലത്ത് മാളി​െൻറ നിർമാണം നടക്കുന്നതിനിടെയാണ് സമീപത്തെ കെട്ടിടം തകർന്നുവീണത്.

Tags:    
News Summary - A three-storey building collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.