ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദിലെ കെ.പി.എച്ച്.ബി മേഖലയിൽ സ്വകാര്യ എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനത്തിലുണ്ടായിരുന്ന 20 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന തീയിൽ ബസ് പൂർണമായും കത്തിയമർന്നു.

ശ്രീ ദുർഗ മഹേശ്വരി ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ബസിനാണ് തീപിടിച്ചത്. ഹൈദരാബാദിലെ മിയാപൂരിൽ നിന്ന് ആന്ധ്രാപ്രദേശിലെ പാലകൊല്ലുവിലേക്ക് പോകുകയായിരുന്നു വാഹനം. കെ.പി.എച്ച്.ബിയിലെ പദ്മാവതി പ്ലാസ ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴാണ് ഡ്രൈവറുടെ ക്യാബിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടം മണത്ത ബസ് ജീവനക്കാർ ഉടൻ തന്നെ വാഹനം നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു.

യാത്രക്കാർ ലഗേജുകളുമായി പുറത്തിറങ്ങി മിനിറ്റുകൾക്കകം തന്നെ തീ ബസ്സിനുള്ളിലേക്ക് ആളിപ്പടർന്നു. വിവരം അറിഞ്ഞ ഉടൻ കുക്കട്‌പള്ളി ട്രാഫിക് സി.ഐ ജനയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏറെ പരിശ്രമിച്ചാണ് തീ പൂർണമായും അണക്കാനായത്.

അർധരാത്രിയിൽ നടന്ന അപകടം നഗരത്തിലെ പ്രധാന പാതയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. പൊലീസും ഫയർഫോഴ്സും ചേർന്ന് പുലർച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഉറക്കത്തിലായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Tags:    
News Summary - A moving bus caught fire; passengers miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.