മുംബൈയിലെ കോവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോൺ

മുംബൈയിലെ കോവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോണെന്ന് സർവേ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 280 സാമ്പിളുകൾ പരിശോധിച്ചതിൽ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെൽറ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെൽറ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്.

കഴിഞ്ഞ ദിവസം പരിശോധനകൾക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 280 സാമ്പിളുകളും ബിഎംസി മേഖലയിൽ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പൽ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകൾ പരിശോധിച്ചതിൽ 34 ശതമാനം അതായത് 96 രോഗികൾ 21 മുതൽ 40 വയസ് വരെ പ്രായമുള്ളവരാണ്. 28 ശതമാനം രോഗികൾ(79 പേർ) 41- 60 നും വയസിനിടയിലുള്ളവരാണ്.

22 പേർ 20 വയസിന് താഴെയുള്ളവരാണ്.ഈ രോഗികളിൽ ഏഴ് പേർ ആദ്യ ഡോസ് വാക്‌സിൻ മാത്രമാണ് എടുത്തിട്ടുള്ളത്. ഇതിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് രോഗികളെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 174 രോഗികളിൽ 89 പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് രോഗികൾക്ക് ഓക്‌സിജൻ സഹായം വേണ്ടിവന്നു. 15 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൊത്തം രോഗികളിൽ 99 പേരും കോവിഡ് വാക്‌സിൻ എടുത്തിട്ടില്ല. ഇതിൽ 76 രോഗികളും ആശുപത്രിയിൽ ചികിത്സയിലാണ്. 12 രോഗികൾക്ക് ഓക്‌സിജൻ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

കോവിഡിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബിഎംസി അറിയിച്ചു. മാസ്‌കുകൾ ശരിയായി ഉപയോഗിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, പതിവായി കൈകഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - 89% of Covid patients in Mumbai infected with Omicron, reveals survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.