കൊൽക്കത്ത: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്ക് സമീപം ഭൂകമ്പം. ഭൂകമ്പത്തിന് 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ധാക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ നർസിങ്ദിയിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു.
ധാക്കയിലെ ഭൂകമ്പത്തിന് പിന്നാലെ കൊൽക്കത്തയിലും വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ, ദക്ഷിൻ, ഉത്തര ദിനാജ്പൂർ അടക്കമുള്ള സ്ഥലങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്.
രാവിലെ 10.10ന് അനുഭവപ്പെട്ട പ്രകമ്പനം ഏതാനും സെക്കന്‍റുകൾ നീണ്ടുനിന്നു. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. കൊൽക്കത്തയിലെ പ്രകമ്പനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുവാഹത്തി, അഗർത്തല, ഷില്ലോങ് എന്നീ പട്ടണങ്ങളിലെ നിരവധി വീടുകളും പ്രകമ്പനത്തിൽ കുലുങ്ങി.
പ്രകമ്പനത്തെ തുടർന്ന് ധാക്കയിൽ നടന്നു കൊണ്ടിരുന്ന ബംഗ്ലാദേശ്- അയർലൻഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു. അൽപനേരത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.