ന്യൂഡൽഹി: കഴിഞ്ഞ അറുപത് വർഷത്തിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷണയിലുള്ള സ്മാരകങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് 488-ഓളം അപൂർവ്വ പുരാവസ്തുക്കൾ. ഇതിൽ ശിൽപങ്ങളും വിഗ്രഹങ്ങളും ഉൾപ്പെടുന്നു. മോഷണം പോയവയിൽ ഭൂരിഭാഗവും ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മോഷണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ആകെ മോഷണങ്ങളുടെ 65 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് നടന്നത്. ആകെ 319 പുരാവസ്തുക്കൾ ഇവിടെ നിന്ന് മാത്രം നഷ്ടപ്പെട്ടു. 1961-ൽ ബിഹാറിലെ നളന്ദ മ്യൂസിയത്തിൽ നിന്ന് 15 ബുദ്ധ-ബോധിസത്വ ശിൽപങ്ങൾ നഷ്ടപ്പെട്ടതാണ് രേഖപ്പെടുത്തിയ ആദ്യത്തെ മോഷണക്കേസ്.
നിലവിൽ 420-ഓളം വിലപിടിപ്പുള്ള ശിൽപങ്ങളും ചരിത്രരേഖകളും ഇനിയും കണ്ടെത്താനുണ്ട്. എഎസ്‌ഐയുടെ കീഴിലുള്ള പല സ്മാരകങ്ങളുടെയും പഴയകാല ഫോട്ടോഗ്രാഫുകൾ പോലും കൈവശമില്ലാത്തത് അന്വേഷണത്തിന് വലിയ തിരിച്ചടിയാണ്. 3,697 സ്മാരകങ്ങളാണ് നിലവിൽ എഎസ്‌ഐയുടെ സംരക്ഷണയിലുള്ളത്. ഇവ വിസ്തൃതമായ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നതിനാൽ സുരക്ഷയൊരുക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
അനന്തപൂരിലെ ശ്രീ മല്ലികാർജുന ക്ഷേത്രത്തിലെ താമരപ്പൂവ് (മണ്ഡപ മേൽക്കൂര), കർണാടകയിലെ രാമലിംഗേശ്വര ക്ഷേത്രത്തിലെ നന്ദി ശില്പം, ഖണ്ഡ്വയിലെ വിഷ്ണു വിഗ്രഹം, ഡൽഹിയിലെ മുഗൾ കാലഘട്ടത്തിലെ കഠാര എന്നിവ നഷ്ടപ്പെട്ടവയിൽ പ്രധാനപ്പെട്ടവയാണ്. സമീപകാലത്ത് പുതിയ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, വിദേശത്തേക്ക് കടത്തപ്പെട്ടവ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തീവ്രശ്രമം തുടരുകയാണെന്നും എഎസ്‌ഐ ഡയറക്ടർ ജനറൽ യദുബീർ സിംഗ് റാവത്ത് അറിയിച്ചു. 2024 വരെയുള്ള കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.