ഡൽഹിക്ക് പിന്നാലെ മുംബൈയിലും E85 ഫ്യൂവൽ സ്റ്റേഷൻ; കേരളത്തിൽ ഉടൻ!

മുംബൈ: ന്യൂഡൽഹിയിലെ ഇന്ധന സ്റ്റേഷനുകളിൽ E85 പെട്രോൾ ലഭ്യമാക്കിയതിന് പിന്നാലെ മുംബൈയിലും സ്റ്റേഷനുകളിലും E85 പെട്രോൾ എത്തിത്തുടങ്ങി. ഡൽഹിയിൽ 82.12 രൂപക്ക് ലഭിക്കുന്ന ഇന്ധനം മുംബൈയിൽ 91.18 രൂപക്കാണ് ലഭിക്കുക. നിലവിൽ മുംബൈയിൽ ലഭ്യമായ E20 പെട്രോളിന്റെ വില 111.21 രൂപയാണ്. അതായത്, സാധാരണ പെട്രോളിനെ അപേക്ഷിച്ച് ലിറ്ററിന് 20.03 രൂപയുടെ കുറവ് E85ന് ലഭിക്കും.

ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 എഥനോൾ (E80) വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലും മുംബൈയിലും E85 പെട്രോൾ ലഭ്യമായി തുടങ്ങിയത്. 2027 ആകുമ്പോഴേക്കും ഇത്തരം ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ, പുണെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിലും പിന്നീട് കൊച്ചി, ചെന്നൈ, ബംഗളൂരു നഗരങ്ങളിലും ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കും.

എന്താണ് E85 പെട്രോൾ?

85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേർന്ന മിശ്രിതമാണ് E85. നിലവിൽ ഇന്ത്യയിൽ ലഭ്യമായ E20 പെട്രോളിൽ 20 ശതമാനം മാത്രമാണ് എഥനോൾ അടങ്ങിയിട്ടുള്ളത്. E85 ഇന്ധനം സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രത്യേകം സജ്ജീകരിച്ച 'ഫ്ലെക്സ്-ഫ്യൂവൽ' (Flex-fuel) എൻജിനുകൾ ഉള്ള വാഹനങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.

നിലവിൽ ഹീറോ സ്പ്ലെൻഡർ+, എച്ച്.എഫ് ഡീലക്സ് എന്നീ മോട്ടോർസൈക്കിളുകളും പുതുതായി പുറത്തിറക്കിയ മാരുതി വാഗൺ ആർ ബയോഫ്ലെക്സ് (Wagon R Bioflex) കാറും മാത്രമാണ് ഇന്ത്യയിൽ E85 ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമായ വാഹനങ്ങൾ. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഊർജ്ജ സാന്ദ്രത കുറവായതിനാൽ E85 ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് അല്പം കുറയാൻ സാധ്യതയുണ്ട്. ഇന്ധന ഇറക്കുമതി കുറക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. എന്നാൽ, മധ്യവർഗ കുടുംബങ്ങൾ സാധാരണ ഉപയോഗിക്കുന്ന 2023ന് മുമ്പുള്ള വാഹനങ്ങൾ E20 പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പോലും മൈലേജിൽ മാറ്റം വരുന്നതോടൊപ്പം എൻജിനും വാൽവുകളും തകരാറാവുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - After Delhi, E85 fuel station in Mumbai; Soon in Kerala!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.