അഹ്മദാബാദ്: സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാല് ഭീകരരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു. മുഹമ്മദ് നുസ്രത് (35), മുഹമ്മദ് നഫ്രാൻ (27), മുഹമ്മദ് ഫാറൂഖ് (35), മുഹമ്മദ് റസ്ദിൻ (43) എന്നിവരാണ് അറസ്റ്റിലായത്. ശ്രീലങ്കൻ പൗരന്മാരാണ് നാലുപേരും.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് ചെന്നൈ വഴിയാണ് ഇവർ ഞായറാഴ്ച രാത്രി അഹ്മദാബാദിൽ എത്തിയത്. ഐ.എസിനുവേണ്ടി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു സംഘത്തിെന്റ ലക്ഷ്യമെന്ന് ഡി.ജി.പി വികാസ് സഹായ് പറഞ്ഞു. ഇവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നഗരത്തിലെ നാന ചിലോദ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് പാകിസ്താൻ നിർമിത പിസ്റ്റളുകൾ, 20 വെടിയുണ്ടകൾ എന്നിവ പിടികൂടി. ആയുധങ്ങൾ ശേഖരിക്കാൻ പാക് സ്വദേശിയായ അബു എന്നയാളുടെ നിർദേശം സംഘത്തിന് ലഭിച്ചതായും ഡി.ജി.പി വികാസ് സഹായ് പറഞ്ഞു.
മുമ്പ് ശ്രീലങ്കയിലെ നിരോധിത ഭീകര സംഘടനയായ നാഷനൽ തൗഹീദ് ജമാഅത്തുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി സംഘം വെളിപ്പെടുത്തി. പിന്നീട് പാക് സ്വദേശിയുമായി ബന്ധപ്പെട്ടതിനുശേഷമാണ് ഐ.എസിൽ ചേർന്നത്. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നതിന് നാലുലക്ഷം ശ്രീലങ്കൻ രൂപ സംഘത്തിന് ലഭിച്ചു. ഇവരുടെ ബാഗിൽനിന്ന് ഐ.എസ് പതാകയും ലഭിച്ചു. ആയുധങ്ങളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലും രണ്ട് ഐ.എസ് പതാകകളുണ്ടായിരുന്നു. ഭീകര പ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഈ പതാക ഉപേക്ഷിക്കണമെന്നും സംഘത്തിന് നിർദേശമുണ്ടായിരുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്കായി ടീമുകൾ അഹ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പായാണ് നാല് പേരെയും പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. യു.എ.പി.എ, ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം എന്നിവ പ്രകാരമാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ അൽ ഖാഇദ ബന്ധമുള്ള മൂന്നുപേരെ രാജ്കോട്ടിൽനിന്ന് എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.