രാഹുല്‍ വിരമിച്ച് കുടുംബജീവിതം നയിക്കണം –രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം പറ്റിയ പണിയല്ളെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അദ്ദേഹം രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതാണ് ഭേദം. വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങണം. അതാണ് രാഹുലിനും ഇന്ത്യക്കും നല്ലതെന്നും കോണ്‍ഗ്രസ് ദുര്‍ബലമായെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
ബുദ്ധിയും വിവേകവുമുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ എല്ലാം നെഹ്റു കുടുംബത്തെ ആശ്രയിച്ചാണ്. അവര്‍ക്കു മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്നായിരിക്കാം ധാരണ. പക്ഷേ, നെഹ്റു കുടുംബം ഉപയോഗശൂന്യമായി. രാഹുല്‍ ഗാന്ധി അവഹേളിക്കപ്പെടുന്നു -ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാമചന്ദ്ര ഗുഹ പറഞ്ഞു.
അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കരുത്തു കാട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മോദിഭരണത്തോടുള്ള എതിര്‍പ്പുമൂലം കോണ്‍ഗ്രസിന് ഇപ്പോഴത്തെ 44ല്‍നിന്ന് ഏറിയാല്‍ 100 സീറ്റ് കിട്ടിയെന്നു വരാം. പക്ഷേ, വലിയ ശക്തിയൊന്നും കാണിക്കാന്‍ കഴിയില്ല. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍െറ സ്ഥിതി മെച്ചം. സംഘടനാ സംവിധാനം മിക്ക സംസ്ഥാനങ്ങളിലും ഇല്ലാതായി.
ബി.ജെ.പിയുടെ മേധാവിത്വം കോണ്‍ഗ്രസ് ആധിപത്യത്തെക്കാള്‍ മോശമായിരിക്കും. എന്നാല്‍, ദേശീയ പാര്‍ട്ടിയായി വളര്‍ന്നതും വളരുന്നതും ബി.ജെ.പി മാത്രമാണ്. കേരളത്തില്‍ സി.പി.എം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ എന്നിവ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് സമീപഭാവിയില്‍ വലിയ വെല്ലുവിളികളില്ല. 60കളിലും 70കളിലും കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ, അതുപോലെയാവും ബി.ജെ.പി. അടുത്ത 15-20 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തി ബി.ജെ.പിയായിരിക്കും.
ബി.ജെ.പി ശക്തമാണെങ്കിലും അവരോട് എതിര്‍പ്പുണ്ട്. മോദിക്ക് വോട്ടു ചെയ്തവര്‍ പോലും അദ്ദേഹത്തിന്‍െറ വായ്ത്താരിയെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നേതാവുമില്ല. നിതീഷ്കുമാറും അരവിന്ദ് കെജ്രിവാളും ആ നേതാവാകുമെന്ന പ്രതീക്ഷയും മങ്ങി.
ബ്രിട്ടീഷുകാരുടേതാണ് രാജ്യദ്രോഹ നിയമം. അത് ബ്രിട്ടനില്‍ പിന്‍വലിച്ചു കഴിഞ്ഞിട്ടുണ്ട്. അവിടെ രാജ്ഞിയെ തോന്നിയപോലെ വിളിക്കാം. എന്നാല്‍, ഇവിടെ ഈ നിയമം ദുരുപയോഗിക്കപ്പെടുന്നു. മതഭ്രാന്തില്‍ അധിഷ്ഠിതമാണ് ആര്‍.എസ്.എസ്. ഗോസംരക്ഷണം പല സംസ്ഥാനങ്ങളുടെയും ഒൗദ്യോഗിക നയമായിരിക്കുന്നു.
കശ്മീരില്‍ കൂടുതല്‍ സ്വയംഭരണം നല്‍കിക്കൊണ്ടും ഭരണഘടനയുടെ 370ാം വകുപ്പ് നടപ്പാക്കിക്കൊണ്ടുമാണ് ദീര്‍ഘകാല പരിഹാരം ഉണ്ടാക്കേണ്ടത്. അന്താരാഷ്ട്ര അതിര്‍ത്തി മാറ്റിവരക്കാന്‍ നമുക്കു കഴിയില്ല. 370നെക്കുറിച്ച ആര്‍.എസ്.എസ് നിലപാടില്‍നിന്ന് പ്രധാനമന്ത്രി അകലംപാലിക്കണം. കൂടുതല്‍ സ്വയംഭരണാവകാശം കശ്മീരികള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പറയണം. കശ്മീരില്‍ പട്ടാളത്തിന്‍െറ അമിത സാന്നിധ്യമാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.