രാജസ്ഥാന്‍ ചീഫ് സെക്രട്ടറി മകളെ ലൈംഗികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി

ജയ്പുര്‍: രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി. പ്രധാനമന്ത്രിയുടെ ഓഫിസിനാണ് മീണയുടെ ഭാര്യയും രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലെ സീനിയര്‍ ഓഫിസറുമായ ഗീത സിങ് പരാതി നല്‍കിയത്. മകള്‍ ഗീതാഞ്ജലി സിങ്ങിന് 13 വയസ്സുള്ളപ്പോള്‍ മുതല്‍ മീണ പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം നല്‍കണമെന്നും സംഭവത്തില്‍ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പീഡനത്തെക്കുറിച്ച് തന്‍െറ മകള്‍ ഹൈകോടതിക്ക് കത്തെഴുതിയിരുന്നെന്നും മകള്‍ക്കുവേണ്ടി മീണക്കെതിരെ കേസ് കൊടുക്കുമെന്നും ഗീത സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മകള്‍ ഹൈകോടതിക്ക് അയച്ച ഇ-മെയില്‍ പരാതി അവര്‍ പത്രങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

കുടുംബവഴക്കിനെതുടര്‍ന്ന് രണ്ടു വര്‍ഷമായി മീണയും ഭാര്യയും വേര്‍പെട്ടാണ് താമസിക്കുന്നത്. സ്ത്രീപീഡനം ആരോപിച്ച് ഇവര്‍ മുമ്പും മീണക്കെതിരെ പരാതി നല്‍കിയിരുന്നു. ലൈംഗികപീഡനത്തിന്‍െറ കാര്യം ഇതുവരെ രഹസ്യമാക്കി വെച്ചതാണെന്നും മീണയുടെ ശല്യം സഹിക്കവയ്യാതെയാണ് ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ഗീത പറഞ്ഞു. മീണയുടെ സമ്മര്‍ദത്തെതുടര്‍ന്ന് പൊലീസ് നടപടിയെടുക്കുന്നില്ളെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും ഗീത പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, ലണ്ടനിലുള്ള മകള്‍ ഗീതാഞ്ജലി (31) അമ്മയെ അനുകൂലിച്ച് രംഗത്തത്തെി. മീണയുടെ പീഡനത്തെക്കുറിച്ച് കഴിഞ്ഞ ഏപ്രില്‍ 21ന് ഗീതാഞ്ജലി അയച്ച ഇ-മെയില്‍ പരാതി ഹൈകോടതിയുടെ പരിഗണനയിലാണ്. തനിക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. രണ്ടുവര്‍ഷം ഇത് തുടര്‍ന്നു. രാത്രിയില്‍ കരയുകയല്ലാതെ ആരോടാണ് ഇതേക്കുറിച്ച് പറയേണ്ടതെന്നറിയില്ലായിരുന്നു. തന്‍െറ അന്തസ്സും ആത്മാഭിമാനവും ഈ മനുഷ്യന്‍ മൂലം മുറിവേറ്റിരുന്നു. പിന്നീടാണ് അമ്മയോട് ഇക്കാര്യം പറയാന്‍ ധൈര്യം വന്നത്. പൊലീസില്‍ പരാതിപ്പെടുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയപ്പോഴാണ് പീഡനം നിന്നത്.എന്നാല്‍, അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദമില്ളെന്നും ഗീതയുടെ ആരോപണം തന്നെ അമ്പരപ്പിച്ചുവെന്നുംപരാതി അന്വേഷിക്കുന്ന ഓഫിസര്‍ കവിത ശര്‍മ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഗീതാഞ്ജലിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, അപ്പോള്‍ അവര്‍ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയിരുന്നില്ളെന്ന് കവിത ശര്‍മ പറഞ്ഞു. അടുത്ത മാസമാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് ഗീതാഞ്ജലി ഹൈകോടതിക്ക് ഇ-മെയില്‍ അയച്ചതെന്ന് കവിത പറഞ്ഞു.

എന്നാല്‍, ആരോപണം മീണ നിഷേധിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി തനിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളുന്നയിച്ച് പരാതി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.