ലഖ്നൗ: ബി.എസ്.പിയെയും സമാജ് വാദി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ആന മുഴുവന്‍ പണവും തിന്നു തീർത്തു. സൈക്കിൾ ഇപ്പോള്‍ പഞ്ചറായ അവസ്ഥയിലാണെന്നും രാഹുൽ പരിഹസിച്ചു. ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ആനയും എസ്.പിയുടെ ചിഹ്നം സൈക്കിളുമാണ്. ഇരു പാർട്ടികളുടെയും കെടുകാര്യസ്ഥതയാണ് രാഹുൽ ഗാന്ധി തന്‍റെ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചത്.
ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍നിന്ന് തുടങ്ങി ഡല്‍ഹി വരെ നടത്തുന്ന 'കിസാന്‍ യാത്ര'ക്കിടയില്‍ അസംഗഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.എസ്.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആന നിങ്ങളുടെ എല്ലാ പണവും തിന്നു. അവരെ തുടരാൻ നിങ്ങൾ അനുവദിച്ചില്ല. പിന്നീട് സമാജ്‍വാദി പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ടു ചെയ്തു. സൈക്കിളിന്‍റെ ടയർ പഞ്ചറായി കഴിഞ്ഞ അഞ്ചുവർഷമായി നിശ്ചലമായിരിക്കുകയാണ്. അവർ റേഷൻ കാർഡു പോലും നൽകിയില്ല. ഇത്തവണ നിങ്ങൾ കോൺഗ്രസിന്‍റെ കൈപ്പത്തിയെ കുറിച്ച് ചിന്തിക്കണം. റേഷൻ കാർഡുകൾ നൽകുന്നതിലും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോൺഗ്രസിന് എന്താണ് ചെയ്യാൻ സാധിക്കുകയെന്ന് നിങ്ങൾക്ക് കാണാമെന്നും രാഹുൽ പറഞ്ഞു.
2017 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധി കര്‍ഷക യാത്ര നടത്തുന്നത്. 233 മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 2500 കിലോമീറ്റര്‍ സഞ്ചരിച്ച് ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.