ആര്‍.എസ്.എസിന് പുതുവേഷം; കര്‍ണാടകയില്‍ മൂന്നു ദിവസംകൊണ്ട് വിറ്റത് കാല്‍ ലക്ഷം

മംഗളൂരു: ആര്‍.എസ്.എസ് യൂനിഫോമില്‍ മാറ്റം പ്രാബല്യത്തില്‍ വരുന്നു. 91 വര്‍ഷമായി അണിയുന്ന കാക്കിട്രൗസര്‍ ഇനിയില്ല. പകരം തവിട്ടുനിറം പാന്‍റ്സ്, തവിട്ടുനിറത്തിലുള്ള സോക്സുകള്‍, കറുത്ത ബെല്‍ട്ട്, കറുപ്പ് ഷൂസ്, വെളുത്ത കുപ്പായം എന്നിവയായിരിക്കും യൂനിഫോം. എന്നാല്‍, കറുത്തതൊപ്പിയും കുറുവടിയും അതേപടി തുടരും.നാഗ്പുരില്‍ നടന്ന ദേശീയസമ്മേളനത്തിന്‍െറ തീരുമാനമാണ് നടപ്പാകുന്നത്. ജയ്പുരില്‍ തയാറാക്കിയ യൂനിഫോം വിവിധ സംസ്ഥാനങ്ങളില്‍ വരുത്തി വില്‍പന ആരംഭിച്ചു.

അളവിനനുസരിച്ചാണ് വില. കര്‍ണാടകയില്‍ മംഗളൂരു, ബംഗളൂരു, ശിവമോഗ, ഹുബ്ബള്ളി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍നിന്നായി മൂന്നു ദിവസങ്ങളില്‍ 25,000 യൂനിഫോം വിറ്റു.അടുത്തമാസം 11ന് വിജയദശമി ദിനത്തില്‍ നാഗ്പുര്‍ റോഷിബാഗ് മൈതാനിയില്‍ സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് പുതുവേഷ പ്രഖ്യാപനം നിര്‍വഹിക്കും. അതോടെ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാറുള്ള പരിശീലന പരിപാടികളിലും റൂട്ടുമാര്‍ച്ചുകളിലും ഈ വേഷം നിര്‍ബന്ധമാകും.ശാഖകളില്‍ അനിവാര്യമല്ല. ആര്‍.എസ്.എസ് വനിതാവിഭാഗമായ രാഷ്ട്രസേവികാ സമിതിയുടെ വേഷത്തില്‍ മാറ്റമില്ല. സ്ത്രീകള്‍ക്ക് പിങ്ക് കരയുള്ള സാരി. ബാലികമാര്‍ക്ക് വെള്ള ചുരിദാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.