പത്മ പുരസ്കാരം ഓണ്‍ലൈനിലൂടെ ലഭിച്ചത് 1700 നോമിനേഷനുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പത്മ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ സുതാര്യമാക്കിയ ആദ്യ അവസരത്തില്‍ ലഭിച്ചത് 1700 നോമിനേഷനുകള്‍. പതിവിന് വിപരീതമായി ഇത്തവണ പത്മ പുരസ്കാരത്തിന് അര്‍ഹതയുള്ളവരെ നിര്‍ദേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് ഓണ്‍ലൈന്‍ മുഖേന നാമനിര്‍ദേശങ്ങള്‍ എത്തുന്നത്. പുരസ്കാര പ്രഖ്യാപനവേളയില്‍ സ്ഥിരമായുണ്ടാകുന്ന വിവാദങ്ങളൊഴിവാക്കുന്നതിനും ഉപശാലാ നിര്‍ദേശങ്ങള്‍ക്ക് തടയിടുന്നതിനും നടപടി സുതാര്യമാക്കുന്നതിനുമായാണ് പൊതുജനത്തെ കൂടി പങ്കാളികളാക്കി പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കാനുള്ള തീരുമാനമുണ്ടായത്.

വലിയ നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ആര്‍ക്കും നിര്‍ദേശിക്കാവുന്നതരത്തിലാണ് വിജ്ഞാപനം. ആധികാരികത ഉറപ്പുവരുത്തുന്നതിന്  നിര്‍ദേശകന്‍െറ ആധാര്‍ വിവരങ്ങള്‍ നിര്‍ദേശത്തോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധന മാത്രമാണുണ്ടായിരുന്നത്. ഇലക്ട്രോണിക്സ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ നിയന്ത്രിക്കുന്ന  ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതോടെ പത്മ പുരസ്കാര നിര്‍ണയത്തില്‍ സുതാര്യതയും ഉറപ്പുവരുത്താനാകും. മികച്ച കഴിവ് പ്രകടിപ്പിക്കുന്നവരും എന്നാല്‍ അധികം അറിയപ്പെടാത്തതുമായ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്  പുതിയരീതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈമാസം 15 ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.