ഭീകരവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് മോദി

ലഖ്നോ: ഭീകരവാദികള്‍ക്ക് സഹായവും താമസസൗകര്യവും നല്‍കുന്നവരെ  കര്‍ശനമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ‘മനുഷ്യരാശിയുടെ ഏറ്റവും നികൃഷ്ടമായ ശത്രുവാണ് ഭീകരത. ലോകസമൂഹം  ഒരേ ശബ്ദത്തിലാണ് ഈ വിപത്തിനെതിരെ സംസാരിക്കുന്നത്. ഭീകരതക്ക് ഏതെങ്കിലും അതിര്‍ത്തികളില്ല. എല്ലാത്തിനെയും നശിപ്പിക്കുക എന്നതാണ് അതിന്‍െറ രീതി’ -മോദി പറഞ്ഞു. ഭീകരത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഉണരണം. ഭീകരത സമൂഹത്തെ ബാധിച്ച വൈറസാണ്.

ലോകത്തിലെ എല്ലാ ശക്തികളും അതിനെതിരെ ഏകസ്വരത്തിലാണ് സംസാരിക്കുന്നത്.  ഭീകരത അവസാനിപ്പിക്കണമെന്നാണ് ലോകസമൂഹം  ആവശ്യപ്പെടുന്നത്- പാകിസ്താന്‍െറ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ലഖ്നോവില്‍  നടന്ന രാംലീല ആഘോഷത്തില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ 20 മിനിറ്റ് പ്രസംഗത്തില്‍  അടുത്തിടെ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ സേന  നടത്തിയ  ‘സര്‍ജിക്കല്‍ അറ്റാക്കിനെ’ക്കുറിച്ച് പരാമര്‍ശിച്ചില്ല. ഡല്‍ഹിക്കു പുറത്ത് ഒരു പ്രധാനമന്ത്രി  രാംലീല ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ഉത്തര്‍പ്രദേശില്‍  2017ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്ന് കരുതുന്നു. ഈ വര്‍ഷത്തെ വിജയദശമി ആഘോഷത്തിന്‍െറ സന്ദേശം ‘ഭീകരതയുടെ സംഹാരം’ എന്നതാണ്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.