സര്‍ക്കാര്‍ സൈന്യത്തെ അവഹേളിക്കുന്നു –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിന്‍െറ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് അതിര്‍ത്തിയില്‍ സമര്‍ഥമായി നീങ്ങിയ സൈന്യത്തെ അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ്. ജവാന്മാരുടെ ചോരയില്‍നിന്ന് ലാഭമൂറ്റുകയാണ് മോദി ചെയ്യുന്നതെന്ന പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉയര്‍ത്തിയ ബഹളങ്ങളെക്കുറിച്ച് പ്രതികരിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍, പുതിയ ചോദ്യശരങ്ങള്‍കൊണ്ട് ബി.ജെ.പിയേയും സര്‍ക്കാറിനെയും നേരിട്ടു.

അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത് മോദി, അമിത് ഷാ, മനോഹര്‍ പരീകര്‍ എന്നിവരില്‍ ആരാണെന്ന് കപില്‍ സിബല്‍ ചോദിച്ചു. സൈന്യമാണ് ധീരത കാട്ടിയത്. അതുവെച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ല. സൈന്യത്തിനൊപ്പമാണ് കോണ്‍ഗ്രസ്. ഭീകരസങ്കേതങ്ങളില്‍ മിന്നല്‍പ്രഹരം നടത്താന്‍ അതിര്‍ത്തി നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യം മറികടന്നത് ഇതാദ്യമാണോ എന്നും കപില്‍ സിബല്‍ ചോദിച്ചു. 2011, 2013, 2014 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ മിന്നലാക്രമണം നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രം 2014ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് തുടങ്ങിയതെന്ന മട്ടിലാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പാകിസ്താന്‍െറ ശരീരത്തിലെ കാന്‍സറാണ് ഭീകരത. അതിന് നമ്മുടെ സൈന്യം ഇടക്കിടെ കീമോതെറപ്പി കൊടുക്കുന്നു. അതാണ് മിന്നലാക്രമണം. കഴിഞ്ഞ മാസാവസാനം നടത്തിയ മിന്നലാക്രമണത്തോടെ ഭീകരതയെന്ന കാന്‍സര്‍ ഇല്ലാതായിട്ടില്ല. ഒരുപക്ഷേ, ഇനിയും കീമോതെറപ്പി വേണ്ടിവരും.

2014നു മുമ്പ് സൈന്യം ദുര്‍ബലമായിരുന്നുവെന്നാണ് മോദിയും പ്രതിരോധ മന്ത്രിയും പറയുന്നത്. ഇത് സൈനികരെ അവഹേളിക്കലാണ്. അതിന് പ്രധാനമന്ത്രി മാപ്പു പറയണം. ഇപ്പോഴാണ് രാജ്യത്ത് ദേശാഭിമാനികള്‍ അധികാരത്തില്‍ വന്നതെന്ന മട്ടിലുള്ള വീമ്പുപറച്ചില്‍ നിര്‍ത്തണം. ഗോവ മുതല്‍ ആഗ്ര വരെ മേനിപറഞ്ഞു നടക്കുന്നതല്ലാതെ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ മരിച്ച സൈനികരുടെ വീട്ടില്‍ സമാശ്വസിപ്പിക്കാന്‍ പോയില്ളെന്നും കപില്‍ സിബല്‍ പറഞ്ഞു. ഭീകരരെ വളര്‍ത്തിയതില്‍ ബി.ജെ.പിക്കുമുണ്ട് പങ്ക്. ഇന്ത്യന്‍ ജെയ്ശെ മുഹമ്മദ് നേതാവ് മസൂദ് അഷറിനെ വിമാനത്തില്‍ കയറ്റി കാണ്ടഹാറില്‍ കൊണ്ടുപോയി വിട്ടത് ബി.ജെ.പി ഭരിച്ച കാലത്താണ്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ത്യ-പാക് ബന്ധം ഇത്രത്തോളം മോശമാവില്ലായിരുന്നു.
കൊലക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിട്ടുള്ളവര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കേണ്ടെന്ന്, രാഹുലിനെതിരെ അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തിയതിനെ പരാമര്‍ശിച്ച് കപില്‍ സിബല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് എതിരെ അമിത് ഷാ
ന്യൂഡല്‍ഹി: സൈനികരുടെ രക്തസാക്ഷ്യത്തിന്‍െറ ദല്ലാളാകാന്‍ നോക്കുകയാണ് നരേന്ദ്ര മോദിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈനികരെയും അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനങ്ങളെയും പരാമര്‍ശിക്കാന്‍ ചേര്‍ന്ന പദമാണോ ദല്ലാള്‍ എന്ന് അമിത് ഷാ ചോദിച്ചു. ചില പാര്‍ട്ടികള്‍ അതിര്‍ത്തിയിലെ മിന്നലാക്രമണത്തെ ചോദ്യം ചെയ്തു. ചിലര്‍ സംശയങ്ങളുന്നയിച്ചു. ഇന്ത്യന്‍ സായുധസേനയെ നിന്ദിച്ചവരെയെല്ലാം അപലപിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.  തങ്ങള്‍ അതിര്‍ത്തിയിലെ മിന്നലാക്രമണം രാഷ്ട്രീയവത്കരിച്ചിട്ടില്ളെന്നും അമിത് ഷാ അവകാശപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.