ജവാന്മാരുടെ ചോരയില്‍നിന്ന് മോദി ലാഭമൂറ്റുന്നു –രാഹുല്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തിനു പിന്നില്‍ ഒളിഞ്ഞിരുന്ന്, അവരുടെ രക്തം കൊണ്ട് ഹീനമായ അഭിലാഷങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിയില്‍ നടത്തിവന്ന കിസാന്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്തിനു വേണ്ടി സൈന്യം ചെയ്ത സേവനത്തെ രാഹുല്‍ പ്രശംസിച്ചു. ജവാന്മാരുടെ രക്തത്തില്‍ നിന്ന് ലാഭമൂറ്റുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന രാഹുലിന്‍െറ പരാമര്‍ശം വരും ദിവസങ്ങളില്‍ പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും. രണ്ടു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി സ്ഥാനത്തിനു യോജിച്ച നരേന്ദ്ര മോദിയുടെ ആദ്യ പ്രവര്‍ത്തനമാണ് മിന്നലാക്രമണ തീരുമാനമെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ 56 ഇഞ്ച് നെഞ്ച് വിരിച്ചു നിന്ന് പൊരുതുമെന്ന് പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. കള്ളപ്പണം പുറത്തു കൊണ്ടുവരാനുള്ള നടപടികള്‍ ‘ഫെയര്‍ ആന്‍റ് ലൗലി’ പോലെ തൊലിപ്പുറ പ്രയോഗം മാത്രമായി. മോദിയും സുഹൃത്തുക്കളുമാണ് ഇന്ത്യയില്‍ ഇന്ന് സന്തോഷ ജീവിതം നയിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, ഗുലാംനബി ആസാദ്, മോത്തിലാല്‍ വോറ, ഷീല ദീക്ഷിത്, യു.പി പി.സി.സി പ്രസിഡന്‍റ് രാജ് ബബ്ബര്‍, സിനിമാ താരം നഗ്മ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

 യു.പിയിലെ 48 ജില്ലകളിലായി 3,500 കിലോമീറ്റര്‍ 26 ദിവസം കൊണ്ട് താണ്ടി ഡല്‍ഹിയില്‍ തിരിച്ചത്തെിയ പാര്‍ട്ടി നേതാവിന് വന്‍വരവേല്‍പാണ് ജന്തര്‍മന്തറില്‍ കോണ്‍ഗ്രസ് ഒരുക്കിയത്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയും പാര്‍ട്ടിയുടെ അടുത്ത അമരക്കാരനായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ട കിസാന്‍ യാത്രയാണ് നാലാഴ്ചയായി നടന്നുവന്നത്.
യു.പിയിലെ 403ല്‍ 141 മണ്ഡലങ്ങളിലൂടെ ബസില്‍ നടത്തിയ കിസാന്‍ യാത്രയില്‍ 700ഓളം കേന്ദ്രങ്ങളിലാണ് രാഹുല്‍ പ്രസംഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.