ഭിന്നശേഷിക്കാരിയായ ബാലികയെ ബലാത്സംഗം ചെയ്ത് പാളത്തില്‍ തള്ളി; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ബാലിക അതിക്രൂരമായ ബലാത്സംഗത്തിനിരയായി. ഭിന്നശേഷിയുള്ള പതിമൂന്നു വയസ്സുകാരിയെയാണ്  ബലാത്സംഗം ചെയ്ത് റെയില്‍പാളത്തിനരികില്‍ തള്ളിയത്. തെക്കന്‍ ഡല്‍ഹിയിലെ പ്രഹ്ളാദ്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബാലികയെ ദേഹമാസകലം മുറിവുകളുമായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പീഡനത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.
സംഭവത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണോ എന്ന് വ്യക്തമല്ല. രണ്ടാഴ്ചമുമ്പ് നടന്ന അതിക്രമ വിവരം വനിതാ കമീഷനെ അറിയിക്കാതെ ഡല്‍ഹി പൊലീസ് മറച്ചുവെച്ചിരിക്കുകയായിരുന്നു.
സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുണ്ടായിരുന്ന കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടാവസ്ഥയും അണുബാധക്കുള്ള സാധ്യതയും തുടരുകയാണ്. മാതാപിതാക്കളില്ലാത്ത ബാലിക അമ്മായിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
മേയ് 13ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബോധം മറയുന്നതുവരെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.
ബാലികയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കി  പൊലീസ് നിയന്ത്രണം സംസ്ഥാന സര്‍ക്കാറിനു കീഴിലാക്കേണ്ടതിന്‍െറ ആവശ്യകത വീണ്ടും വ്യക്തമായിരിക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാന പദവിക്ക് സമയമെടുക്കുമെങ്കിലും നിലവിലെ സംവിധാനത്തില്‍ ഒരുമിച്ചുനിന്ന് ഇത്തരം കുറ്റങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.