ജിതന്‍ റാം മാഞ്ചിക്ക് നേരെ ജനക്കൂട്ടത്തിന്‍െറ ആക്രമണം: സുരക്ഷ ഉദ്യോഗസ്ഥന് പരിക്ക്

ഗയ: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍റാം മാഞ്ചിക്കു നേരെ ജനക്കൂട്ടത്തിന്‍െറ ആക്രമണം. മാഞ്ചി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. മാവോവാദികള്‍ കൊലപ്പെടുത്തിയ എല്‍.ജെ.പി നേതാവ് സുദേശ് പാസ്വാന്‍െറയും ഇദ്ദേഹത്തിന്‍െറ മരുമകന്‍ സുനില്‍ പാസ്വാന്‍െറയും  മൃതദേഹവുമായി എത്തിയ പ്രതിഷേധക്കാരാണ് മാഞ്ചിക്കു നേരെ അക്രമം അഴിച്ചുവിട്ടത്. ഇദ്ദേഹത്തെ രക്ഷിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതെന്ന് മഗത് റേഞ്ച് ഡി.ഐ.ജി. സൗരഭ് കുമാര്‍ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പ്രതിഷേധവുമായി ദുമാരിയ മോര്‍ ടൗണിലെ റോഡ് ഉപരോധിച്ചത്. ഈ സമയം ഇതുവഴി കടന്നുപോകുകയായിരുന്ന മാഞ്ചിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ളെറിയുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നു. രണ്ട് ബൈക്കുകളും അവര്‍ അഗ്നിക്കിരയാക്കി. കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പൊലീസിന് വിട്ടുനല്‍കാനും പ്രതിഷേധക്കാര്‍ ആദ്യം തയാറായിരുന്നില്ല. പിന്നീട് ജില്ലാ മജിസ്ട്രേറ്റ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.