കനത്തമഴയിലും തമിഴ്നാട്ടില്‍ 70 ശതമാനം പോളിങ്

ചെന്നൈ: കനത്തമഴയിലും തമിഴ്നാട്ടില്‍ 70 ശതമാനം പോളിങ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ 82 ശതമാനം പോളിങ് രേഖപ്പെടുത്തി. പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ 76 ശതമാനമാണ് പോളിങ്. തമിഴ്നാട്ടില്‍ തുടക്കത്തില്‍ പോളിങ് മന്ദഗതിയിലായിരുന്നന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ ശക്തിപ്പെട്ടു. പോളിങ് സമയം കഴിഞ്ഞും നിരവധിപേര്‍ കാത്തുനിന്നു.

തമിഴ്നാട്ടില്‍ 232ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് പിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റി. സംസ്ഥാനത്തെ 234 മണ്ഡലത്തില്‍നിന്നായി നൂറുകോടിയിലേറെ രൂപ പിടിച്ചെടുത്തു.

മുഖ്യമന്ത്രി ജയലളിതയും ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുമുള്‍പ്പെടെ 3740 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. 5.79 കോടി വോട്ടര്‍മാരാണുള്ളത്. ഭരണകക്ഷിയായ അണ്ണാഡി.എം.കെയും ഡി.എം.കെയും തമ്മിലാണ് പ്രധാനമത്സരം. ഡി.എം.ഡി.കെ– പി.ഡബ്ള്യു.എഫ്– ടി.എം.സി സഖ്യത്തില്‍ വിജയകാന്തും മത്സരിച്ചു.

സിനിമാതാരങ്ങളുടെ വന്‍നിരതന്നെ വോട്ടുചെയ്യാനെത്തി. രജനികാന്ത്, കമല്‍ഹാസന്‍, അജിത്, വിജയ് എന്നിവരെല്ലാം രാവിലെ വോട്ട് രേഖപ്പെടുത്തി. രജനികാന്ത് ചെന്നൈ സ്റ്റെല്ലാമാരീസ് കോളേജിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. അജിത്തും ഭാര്യ ശാലിനിയും കുപ്പം ബീച്ച് റോഡിലും വിജയ് നീലങ്കരൈയിലുമാണ് വോട്ട് ചെയ്തത്.

പുതുച്ചേരിയില്‍ 930 ബൂത്തുകളിലായി 9.41 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 30 മണ്ഡലത്തിലായി 300 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.