കോണ്‍ഗ്രസ്-സി.പി.എം ചര്‍ച്ച അന്തിമഘട്ടത്തില്‍; താരപ്പകിട്ടുമായി തൃണമൂലിന്‍െറ പട്ടിക

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം നീക്കുപോക്ക് ചര്‍ച്ച പുരോഗമിക്കവെ, തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മമത ബാനര്‍ജി ഒരു മുഴം മുന്നില്‍. ആകെയുള്ള 294 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക മമത പുറത്തിറക്കി. അതേസമയം, കോണ്‍ഗ്രസുമായി നീക്കുപോക്ക് എത്രത്തോളമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ ചേരുന്നതേയുള്ളൂ. ഏപ്രില്‍ 11 മുതല്‍ മേയ് 11വരെ ആറു ഘട്ടങ്ങളായാണ് ബംഗാളില്‍ വോട്ടെടുപ്പ്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും സിക്കിം സ്വദേശിയുമായ ബൈച്യുങ് ബൂട്ടിയ ഇക്കുറിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജീലിങ് മണ്ഡലത്തില്‍നിന്ന് തൃണമൂല്‍ സ്ഥാനാര്‍ഥിയായിരുന്ന ബൂട്ടിയയെ പക്ഷേ, ഭാഗ്യംതുണച്ചില്ല. ഇക്കുറി സിലിഗുരി നിയമസഭാ സീറ്റാണ് മമത തന്‍െറ പ്രിയപ്പെട്ട ഫുട്ബാള്‍ താരത്തിനായി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്നുള്ള സഖ്യം മുനിസിപ്പാലിറ്റി ഭരിക്കുന്ന ഇടമാണ് സിലിഗുരി എന്നിരിക്കെ, ബൂട്ടിയക്ക് ഇക്കുറിയും കടുപ്പമേറിയ മത്സരംതന്നെ. മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ളയാണ് തൃണമൂല്‍ പട്ടികയിലെ മറ്റൊരു കായികതാരം. ഹൗറ നോര്‍ത്തില്‍നിന്നാണ് ശുക്ളയുടെ രാഷ്ട്രീയത്തിന്‍െറ കന്നിയങ്കം. മമത ബാനര്‍ജി തന്‍െറ സിറ്റിങ് സീറ്റ് ബബാനിപുരില്‍നിന്ന് വീണ്ടും ജനവിധി തേടും. സിറ്റിങ് എം.എല്‍.എമാരില്‍ പലര്‍ക്കും സീറ്റു മാറേണ്ടിവന്നു. പലരെയും ഒഴിവാക്കി. 

എന്നാല്‍, കോടികളുടെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് ഇപ്പോഴും ജയിലില്‍ കഴിയുന്ന മദന്‍മിത്രയെ മതത കൈവിട്ടില്ല. മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രികൂടിയായ മദന്‍മിത്ര ജയിലില്‍ കിടന്നുകൊണ്ട് കമര്‍ഹട്ടി മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. മമതയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്ലിം ന്യൂനപക്ഷത്തിന് മുമ്പത്തെക്കാള്‍ മികച്ച പരിഗണന ലഭിച്ചിട്ടുണ്ട്. 2011ല്‍ 38 മുസ്ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ മമത ഇക്കുറി മുസ്ലിംകളില്‍നിന്ന് 57 പേരെ രംഗത്തിറക്കി. കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തെ തന്‍െറ വോട്ടുബാങ്കായ ന്യൂനപക്ഷപിന്തുണ ഉറപ്പിച്ച് മറികടക്കാനുള്ള ശ്രമമത്തിന്‍െറ ഭാഗമാണിത്. മുന്‍ സി.പി.എം നേതാവ് അബ്ദുല്‍ റസാഖ് മൊല്ല തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുവെന്നതാണ് ഇക്കുറി ബംഗാള്‍ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. മുന്‍ മന്ത്രികൂടിയായ മൊല്ല സി.പി.എം വിട്ടശേഷം സ്വന്തം പാര്‍ട്ടിയുണ്ടാക്കിയിരുന്നു. ഈയിടെയാണ് തൃണമൂല്‍ പക്ഷത്തേക്ക് മാറിയത്. മമതയുടെ സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്ത്രീകളാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക തയാറാകുന്നതേയുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുനേടിയ ബി.ജെ.പിക്ക് വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍, പിന്നീട് നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പിന്നാക്കംപോയതോടെ ബി.ജെ.പി ബംഗാളില്‍ വലിയ ഘടകമാകില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.