ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംശങ്കര്‍ കതേരിയയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം. കതേരിയക്കെതിരെ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ധര്‍ണ നടത്തി. കതേരിയയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക, പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ അപലപിക്കുക, മതസൗഹാര്‍ദം വളര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്.
വര്‍ഗീയധ്രുവീകരണ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി പറഞ്ഞു. സാമുദായിക വിദ്വേഷം പരത്തി രാജ്യത്തൊട്ടാകെ സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കുകയാണ്. ഇതിലൂടെ വര്‍ഗീയധ്രുവീകരണമാണ് ലക്ഷ്യം. രാജ്യത്തെ മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലമാണിതെന്ന് ആന്‍റണി പറഞ്ഞു. കേരളത്തില്‍നിന്നുള്ള എം.പിമാരായ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, എം.കെ. രാഘവന്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.
കതേരിയക്കെതിരെ ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ലോക്സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ നോട്ടീസിന് അനുമതി നിഷേധിച്ചു. രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ച് സംസാരിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, യഥാര്‍ഥത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത് കതേരിയയെപ്പോലുള്ളവര്‍ക്കെതിരെയാണെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, കതേരിയ പറഞ്ഞതില്‍ അധിക്ഷേപാര്‍ഹമായി ഒന്നുമില്ളെന്നും അദ്ദേഹത്തിന്‍െറ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.