എന്‍.എസ്.ജി: ചൈനയുടെ എതിര്‍പ്പിനിടയിലും ഇന്ത്യയുടെ നയതന്ത്രനീക്കം ശക്തം

ന്യൂഡല്‍ഹി: ഇന്ത്യയെ എന്‍.എസ്.ജി (ആണവദാതാക്കളുടെ ഗ്രൂപ്) അംഗമാക്കുന്നതില്‍ ചൈന വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഈമാസം 24ന് ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന സമ്മേളനത്തില്‍ മറ്റ് എന്‍.എസ്.ജി രാഷ്ട്രങ്ങളുടെ പിന്തുണ തേടാനുള്ള നയതന്ത്രനീക്കം ഇന്ത്യ ശക്തിപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍,  സെക്രട്ടറി (വെസ്റ്റ്) സുജാത മത്തേ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍.

അമേരിക്ക ഇന്ത്യയുടെ അംഗത്വത്തെ അനുകൂലിക്കുമ്പോള്‍ ചൈനയുടെ നേതൃത്വത്തില്‍ ഓസ്ട്രിയ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് എതിര്‍ക്കുന്നത്. എന്‍.എസ്.ജിയിലെ 48 അംഗരാജ്യങ്ങളോടും ഇന്ത്യയെ പിന്തുണക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക അഭ്യര്‍ഥിച്ചിരുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യമായതിനാലാണ് ഇന്ത്യയെ എതിര്‍ക്കുന്നതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുടെ അംഗത്വം ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്നും പാകിസ്താനുമായുള്ള ബന്ധത്തില്‍  ഉലച്ചിലിന് ഇടയാക്കുമെന്നും ചൈനയിലെ ഒൗദ്യോഗിക മാധ്യമങ്ങളും പറയുന്നു. ഇന്ത്യക്ക് അംഗത്വം കൊടുത്താല്‍ പാകിസ്താനും കൊടുക്കണമെന്നാണ് ചൈനയുടെ ആവശ്യമെന്നും വിലയിരുത്തലുണ്ട്.  എന്നാല്‍, എന്‍.പി.ടിയില്‍ ഒപ്പുവെക്കാതെതന്നെ എന്‍.എസ്.ജി അംഗത്വമാകാമെന്നാണ് ഇന്ത്യയുടെ വാദം. ഫ്രാന്‍സ് ഈ രീതിയിലാണ് പ്രവേശം നേടിയതെന്ന് രാജ്യം ചൂണ്ടിക്കാട്ടുന്നു.
സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ദ. കൊറിയയുടെ പിന്തുണ ഉറപ്പാക്കാന്‍ ജയ്ശങ്കര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചതിന് തൊട്ടുമുമ്പായിരുന്നു ഈ യാത്ര. 2011ല്‍  ആഭ്യന്തര ആണവ ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് ഇന്ത്യയും ദ. കൊറിയയും. കൊറിയക്ക് ഇന്ത്യയില്‍ ആണവതാല്‍പര്യങ്ങളുമുണ്ട്.

അമേരിക്കയിലെ വെസ്റ്റിങ് ഹൗസ് കമ്പനി ആന്ധ്രയില്‍ സ്ഥാപിക്കുന്ന  ആറ് റിയാക്ടറുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നത് കൊറിയയാണ്. ഈ സാഹചര്യം ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം, ഇപ്പോഴത്തെ എന്‍.എസ്.ജി  നേതൃത്വമുള്ള അര്‍ജന്‍റീന, തൊട്ടുമുമ്പ് ആ പദവിയിലുണ്ടായിരുന്ന ചെക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെക്സികോ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവേളയില്‍ അവരും  പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, ആണവവ്യാപനത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടുള്ള ഈ രാജ്യങ്ങള്‍ എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്നതിന് എതിരുമാണ്.

എന്‍.എസ്.ജിയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന ദൗത്യമാണ് പ്രധാനമായും സുജാത മത്തേക്കുള്ളതെങ്കിലും ഇന്ത്യയെ പിന്തുണക്കാത്ത രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര ഇതുവരെ നടന്നിട്ടില്ളെന്നാണ് അറിയുന്നത്. ഓസ്ട്രിയ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇതില്‍ പ്രധാനം.
എന്‍.എസ്.ജിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും അനുകൂല വോട്ട് ലഭിച്ചാലേ മറ്റൊരു രാജ്യത്തിന് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കൂ. അതിനാല്‍, ഏതെങ്കിലും ഒരു രാജ്യം എതിര്‍ത്താല്‍പോലും ഇന്ത്യക്ക് അംഗത്വം നഷ്ടമാകും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യ ശ്രമിച്ചുവരുകയാണ്. മേയ് 12നാണ് അംഗമാകാന്‍ ഒൗദ്യോഗികമായി അപേക്ഷ നല്‍കിയത്.

ആണവ സാങ്കേതികവിദ്യ, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം ആഗോളതലത്തില്‍ നിയന്ത്രിക്കുന്നത് എന്‍.എസ്.ജി രാജ്യങ്ങളാണ്. ആണവനിര്‍വ്യാപനത്തിന് ഊന്നല്‍ നല്‍കിയാണ് ഈ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. ഇന്ത്യക്ക് അംഗത്വം ലഭിച്ചാല്‍ ആണവസാങ്കേതികവിദ്യയുടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള കവാടമാണ് തുറന്നുകിട്ടുക. ഇത് രാജ്യത്തിന്‍െറ ആഭ്യന്തര ആണവോര്‍ജ പദ്ധതികള്‍ക്ക് കരുത്തേകുമെന്നതിനാലാണ് അംഗത്വം നിര്‍ണായകമാകുന്നത്.  
2030ഓടെ ആണവപദ്ധതികള്‍ വഴി 63,000 മെഗാവാട്ട് ഊര്‍ജോല്‍പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.