ഇന്ത്യക്കാരനാണെന്നതിന് തെളിവുതരൂ; വിവരാവകാശ അപേക്ഷകനോട് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം മറുപടി നല്‍കണമെങ്കില്‍ ആദ്യം ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ എന്ന് അപേക്ഷകനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്കുമാത്രമേ വിവരം ആവശ്യപ്പെടാനാകൂ എന്ന വ്യവസ്ഥയുള്ളപ്പോഴാണ് മന്ത്രാലയത്തിന്‍െറ പ്രത്യേക തിട്ടൂരം. ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ പാനലിന്‍െറ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ആളോടാണ് ഇന്ത്യക്കാരനെന്നതിന് തെളിവ് ആവശ്യപ്പെട്ടത്.
 
ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദ് ആണ് ഏകാംഗ പാനല്‍. പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പും പ്രസാദിന്‍െറ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഫയല്‍ കുറിപ്പുകളുമാണ ്അപേക്ഷകന്‍  ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കുന്ന രേഖ കൂടി നല്‍കണം എന്നായിരുന്നു അപേക്ഷകനുള്ള മന്ത്രാലയത്തിന്‍െറ മറുപടി.

വിവരാവകാശ അപേക്ഷക്കൊപ്പം പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അപേക്ഷകന്‍െറ പൗരത്വത്തെക്കുറിച്ച് സംശയം തോന്നുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രേഖ ആവശ്യപ്പെടാറുള്ളൂ. നിയമത്തിന്‍െറ സുതാര്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ അജയ് ദുബെ പറഞ്ഞു. ആവശ്യപ്പെട്ട വിവരം നല്‍കുന്നത് വൈകിപ്പിക്കുകയാണ് മന്ത്രാലയത്തിന്‍െറ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെയ് 31ന് അവസാനിച്ച ബി.കെ. പ്രസാദിന്‍െറ കാലാവധി ജൂലൈ 31വരെയാണ് നീട്ടിക്കൊടുത്തത്.

19കാരിയായ ഇശ്റത് ജഹാന്‍ അടക്കം മൂന്നുപേര്‍ 2004ലാണ് ഗുജറാത്തില്‍നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ലശ്കറെ ത്വയിബ ഭീകരവാദികളാണിവരെന്നാണ് ഗുജറാത്ത് പൊലീസ് ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അടക്കമുള്ള രേഖകളാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കാണാതായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.