ഇന്ത്യയെ അപമാനിക്കുന്നത് മോദി അവസാനിപ്പിക്കണമെന്ന് സേന

മുംബൈ: വിദേശ രാജ്യങ്ങളില്‍ ചെന്ന് രാജ്യത്തെ അഴിമതിയെ കുറിച്ച് വിളമ്പി നാടിനെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെയാണ് മോദിക്കുനേരെയുള്ള സേനയുടെ വിമര്‍ശം. ഇന്ത്യ എന്തുമാത്രം അഴിമതിയില്‍ ആഴ്ന്നുവെന്ന് വരച്ചുകാട്ടിയും അതു തുടച്ചുനീക്കാന്‍ താന്‍ എന്തുമാര്‍ഗം സ്വീകരിച്ചെന്ന് വിശദീകരിച്ചും ദോഹയില്‍ പ്രധാനമന്ത്രി കൈയടിയേറ്റുവാങ്ങി. ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയല്ലാതെ മറ്റൊന്നുമല്ലിത്. ബി.ജെ.പി അധികാരത്തിലേറി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അഴിമതിയുണ്ടെന്ന് ആളുകള്‍ പറയുന്നുവെങ്കില്‍ ആരാണ് അതിനുത്തരവാദി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അഴിമതി കഥകള്‍ ഉയര്‍ന്നുവരുന്നു. അതിനും കുറ്റം ഗാന്ധി കുടുംബത്തിനാണോ-‘സാമ്ന’ പരിഹസിച്ചു.

 ഇന്ത്യയിലെ വിഷയങ്ങള്‍ ഇവിടത്തന്നെ ഉയര്‍ത്തുകയും പരിഹരിക്കുകയുമാണ് വേണ്ടത്. ഗാന്ധി കുടുംബത്തിന്‍െറ അഴിമതിയെ കുറിച്ചുള്ള വര്‍ത്തമാനം ഇനി നിര്‍ത്തണം. നിയമനടപടിയാണ് വേണ്ടത്. ഇതേക്കുറിച്ച് വിളിച്ചുപറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും പോകേണ്ടതില്ല. എല്ലാം അഭിപ്രായഭിന്നതക്കും അപ്പുറം എല്ലാവരും ഒരു കുടുംബമാണെന്ന പ്രതിച്ഛായയാണ് വിദേശങ്ങളില്‍ ഉണ്ടാകേണ്ടത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ചെന്ന് ഇന്ത്യന്‍ നിക്ഷേപകരുടെ പേരുവിവരം ആവശ്യപ്പെട്ട് രാജ്യത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇന്ത്യയിലും കള്ളപ്പണമുണ്ട്. അതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്നും ‘സാമ്ന’ പ്രധാനമന്ത്രിയോട് ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.