മോദി പ്രസംഗം നിർത്തൂ, വാഗ്ദാനങ്ങൾ നടപ്പാക്കൂ -കോൺഗ്രസ്

ന്യൂഡൽഹി: ദേശീയതയെ കുറിച്ചുള്ള നരേന്ദ്ര മോദി പ്രസ്താവന രാഷ്ട്രീയ കാപട്യമാണെന്ന് കോൺഗ്രസ്. മോദിയെ അധികാരത്തിലേറ്റിയത് ദേശീയത പ്രസംഗിക്കാനല്ലെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. വികസനം, തൊഴിൽ, വളർച്ച, ഭരണനിർവഹണം, ദാരിദ്ര്യ നിർമാർജനം, വിലക്കയറ്റം നിയന്ത്രിക്കൽ എന്നിവയാണ് തെരഞ്ഞെടുപ്പ് വേളയിൽ മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മറക്കുകയാണെന്നും സുർജെവാല ആരോപിച്ചു.

മോദിയുടെ രണ്ടു വർഷത്തെ ഭരണത്തിൽ വിലക്കയറ്റം ഉയർന്ന തോതിലാണ്. ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു, വിദേശ നയത്തിന്‍റെ ദിശ നഷ്ടപ്പെട്ടു, തൊഴിലില്ലായ്മ വർധിച്ചു, സാമ്പത്തിക വളർച്ച മന്ദഗതിയിലാെണന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് മോദി ചെയ്യേണ്ടത്. പ്രാവർത്തികമാകാത്ത വാഗ്ദാനങ്ങൾ നൽകിയ മോദി ജനങ്ങളോട് കണക്കു പറയേണ്ടിവരും. രാഷ്ട്ര നിർമാണത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും പങ്കാളിയാകാത്തവരും യാതൊരു ത്യാഗവും സഹിക്കാത്തവരുമാണ് ദേശീയതയുടെ വക്താക്കളാകാൻ ശ്രമം നടത്തുന്നതെന്നും സുർജെവാല പറഞ്ഞു.

ബി.ജെ.പിയുടെ അസ്തിത്വം ദേശീയതയാണെന്ന് ചൊവ്വാഴ്ച നടന്ന പാർട്ടി യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. വികസനം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്. എന്നാല്‍, ചിലര്‍ക്കിത് ഇഷ്ടപ്പെടുന്നില്ല. അവര്‍ ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ യഥാര്‍ഥ ലക്ഷ്യം രാഷ്ട്ര നിര്‍മാണമാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തണമെന്നും മോദി പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.