കരീന കപൂറിനൊപ്പമുള്ള ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ സെൽഫി വിവാദത്തിൽ

റായ്പൂർ: ബോളിവുഡ് നടി കരീന കപൂറുമൊത്ത് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് എടുത്ത സെൽഫിക്കെതിരെ രൂക്ഷ വിമർശം. മുഖ്യപ്രതിപക്ഷമായ കോൺഗ്രസാണ് മുഖ്യമന്ത്രിയുടെ സെൽഫിക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് വിളകൾ നശിച്ച് കൃഷിക്കാർ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് നടിയുമൊത്ത് മുഖ്യമന്ത്രി സെൽഫിയെടുത്ത് ആഘോഷിക്കുകയാണെന്ന് ഛത്തിസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭഗൽ വിമർശിച്ചു.

കുട്ടികളുടെ അവകാശം സംബന്ധിച്ച് യുനിസെഫും സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ, സ്ത്രീ, ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് യുനിസെഫിന്‍റെ ഇന്ത്യയിെല സെലിബ്രിറ്റി അംബാസഡർ കരീന കപൂറും ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങും മുഖ്യാഥിതികളായത്. ചടങ്ങിനിടെ സിനിമാ താരവും മുഖ്യമന്ത്രിയും സെൽഫിക്ക് പോസ് ചെയ്യുന്ന ചിത്രം പുറത്തുവന്നതാണ് വിമർശത്തിന് വഴിവെച്ചത്.

എന്നാൽ, പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളുടെയും അഥിതികളുടെയും ചിത്രങ്ങളാണ് മുഖ്യമന്ത്രി മൊബൈൽ ഫോണിൽ പകർത്തിയതെന്ന വിശദീകരണമാണ് സർക്കാറിന്‍റെ ഉന്നതതല ഉദ്യോഗസ്ഥർ നൽകിയത്. സംഭവത്തെകുറിച്ച് മുഖ്യമന്തിയോ കരീന കപൂറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആറായിരത്തോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ 36 സ്കൂളുകളിൽ നിന്നുള്ള അഞ്ച് അധ്യാപികമാരെയും 31 വിദ്യാർഥികളെയും ‘ഛത്തിസ്ഗഢ് രത്ന’ പുരസ്കാരം നൽകി സർക്കാർ ആദരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.