കൊളീജിയം: അന്തിമ കരട് തയാറാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ‘കൊളീജിയം’ പരിഷ്കരിക്കാനുള്ള അന്തിമ കരട് തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാറും കേസില്‍ കക്ഷികളായ മുതിര്‍ന്ന അഭിഭാഷകരും ഒരുമിച്ച് വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ വ്യാഴാഴ്ചക്കകം സമാഹരിക്കണം.
അതേസമയം, കൊളീജിയം സംവിധാനത്തില്‍ സമഗ്രമാറ്റം സാധ്യമല്ളെന്നും നിലവിലെ മാനദണ്ഡപ്രകാരം സുതാര്യതക്ക് സന്നദ്ധമാണെന്നും കോടതി ഉറപ്പുനല്‍കി. എന്നാല്‍, സുപ്രീംകോടതിയുടെ അനാവശ്യ ധിറുതിമൂലം കൂടിയാലോചനക്ക് അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കോടതിമുറിയില്‍ പ്രതിഷേധിച്ചു.
ദേശീയ ന്യായാധിപ കമീഷന്‍ റദ്ദാക്കിയ ചരിത്രവിധിയിലാണ് ഈ മാസം മൂന്നിനകം കൊളീജിയം പരിഷ്കരണ നിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഈ നിര്‍ദേശം പരിഗണിച്ച സുപ്രീംകോടതി ഭരണഘടനാബെഞ്ച് കൊളീജിയം പരിഷ്കരണത്തില്‍ എല്ലാവരും ഒരു പക്ഷത്താണെന്ന് പറഞ്ഞു.
വൈവിധ്യമാര്‍ന്ന നിര്‍ദേശങ്ങളാണ് വിവിധ കോണുകളില്‍നിന്ന് ലഭിച്ചതെന്ന് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി; ‘ഏതെങ്കിലും ഒരു നിര്‍ദേശം സ്വീകരിച്ചുവെന്ന് ഞങ്ങള്‍ക്കുതന്നെ പറയാന്‍ പറ്റില്ല. അതിനാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്നും കക്ഷികളുടെ ഭാഗത്തുനിന്നും കോടതിക്കുവേണ്ടി ഈ നിര്‍ദേശങ്ങള്‍ സമാഹരിക്കണം’; എന്നായിരുന്നു കോടതിനിര്‍ദേശം.
കൊളീജിയം ഭാവിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം സമാഹരിക്കാന്‍ പാലിക്കേണ്ട നാല് അടിസ്ഥാന മാനദണ്ഡങ്ങളും സുപ്രീംകോടതി വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.